കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ്‌യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് തുടരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്. പണിമുടക്ക് നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഡൈസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ എല്ലാ ട്രേഡ്‌യൂണിയനുകളും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതിനാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല.
ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഓടുന്നുണ്ട്. അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഓടുന്നുണ്ട്. അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ്, എച്ച്.എം.എസ്, ടി.യു.സി.സി, എ.ഐ.സി.സി.ടി.യു, യു.ടി.യു.സി. തുടങ്ങിയ ട്രേഡ്‌യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. വിലക്കയറ്റം തടയുക, ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന നിര്‍ത്തുക, സാമ്പത്തിക തകര്‍ച്ചമൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മിനിമം കൂലി 10000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
വാഹനഗതാഗതം തടയുമെന്ന് സമരസമിതി ഭാരവാഹികള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പണിമുടക്ക് ദിവസം യാത്രകള്‍ ഒഴിവാക്കി തങ്ങളോട് സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പണിമുടക്ക് നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പണിമുടക്കുമായി ബന്ധപ്പെട്ട സ്ഥിതികള്‍ നേരിടുന്നതിനായി ഏഴ് പോലീസ് ക്യാമ്പുകളില്‍നിന്നും വേണ്ടത്ര പോലീസ് സേനയെ പ്രധാന ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ചില കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട സ്ഥാപനങ്ങളിലെല്ലാം അത് ലഭ്യമാക്കിയതായി ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു.
ഇടതുപക്ഷ അനുകൂല സര്‍വീസ് സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.എന്‍.ടി.യു.സി. പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്. അനുകൂല സര്‍വീസ് സംഘടനകള്‍ പണിമുടക്കില്ലെന്ന് സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment