പുതിയ കാറുകള്‍ പോലെ പഴയ കാറുകളും വിപണിക്ക് പ്രിയപ്പെട്ടതാണ്. സാമ്പത്തിക മാന്ദ്യവും ഉയര്‍ന്ന പലിശ നിരക്കും കൂടുതല്‍ പേരെ പഴയ കാറുകള്‍ വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നു. ഒരു പുതിയ കാറിന് രണ്ട് പഴയ കാറുകള്‍ എന്ന രീതില്‍ വ്യാപാരം നടക്കുന്നുണ്ടെന്നാണ് വിപണിവൃത്തങ്ങള്‍ പറയുന്നത്. ബ്രാന്‍ഡും മോഡലും തിരഞ്ഞെടുക്കുന്നതു മുതല്‍ എന്‍ജിനും രേഖകളും വരെ കൃത്യമായി പരിശോധിച്ച ശേഷമേ പഴയ കാറുകള്‍ വാങ്ങാവൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്..
ശരിയായ മുന്നൊരുക്കത്തോടെ മാത്രമേ പഴയ കാര്‍ വാങ്ങാനായി ഇറങ്ങിത്തിരിക്കാവൂ. വിവിധ ബ്രാന്‍ഡുകളെ കുറിച്ചും
മോഡലുകളെ കുറിച്ചും സുഹൃത്തുക്കളില്‍ നിന്നും റിവ്യൂകളില്‍ നിന്നും മറ്റുമായി പരമാവധി വിവരങ്ങള്‍ ശേഖരിക്കണം. ബജറ്റും വിപണിയിലെ വിലനിലവാരവും കണക്കാക്കി എന്താവശ്യത്തിനാണോ അതിനനുസരിച്ചുള്ള മോഡലുകള്‍ തിരഞ്ഞെടുക്കാം. പഴയ കാറുകളുടെ വിലയെ കുറിച്ച് ഏകദേശ ധാരണ ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം ഇന്റര്‍നെറ്റിലെ യൂസ്ഡ് കാര്‍ വെബ്‌സൈറ്റുകളാണ്. യൂസ്ഡ് കാര്‍ ഷോറൂമുകള്‍ സന്ദര്‍ശിച്ചും വിലനിലവാരം മനസ്സിലാക്കാം. ഇത്രയുമായാല്‍ ഏതു കാര്‍ വാങ്ങണമെന്നു തീരുമാനിക്കാന്‍ എളുപ്പമായിരിക്കും. തിരഞ്ഞെടുക്കുന്ന മോഡലിന്റെ ഏതാനും വാഹനങ്ങള്‍ ഓടിച്ചു നോക്കണം. പരിചയമുള്ള മെക്കാനിക്കിനെയോ വിദഗ്ദ്ധനെയോ ഒപ്പം കൂട്ടാം.
എവിടെ നിന്നു വാങ്ങണം
വിവിധ കമ്പനികളുടെ ഡീലര്‍മാര്‍ നേരിട്ടു നടത്തുന്ന ഷോറൂമുകളില്‍ നിന്നോ പഴയ കാറുകള്‍ക്കു മാത്രമായ ഷോറൂമുകളില്‍ നിന്നോ ഉടമകളില്‍ നിന്ന് നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ പഴയ കാറുകള്‍ വാങ്ങാം. ഡീലര്‍മാരുടെ ഷോറൂമുകളിലെ കാറുകള്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയവയായിരിക്കും. കൂടാതെ മെയിന്റനന്‍സ്, സര്‍വീസ് വാറന്റിയും ഉറപ്പു ലഭിക്കും. പഴയ കാറുകളുടെ ചില ഷോറൂമുകളും ഇത്തരം സൗകര്യങ്ങള്‍ നല്‍കാറുണ്ട്. ഡീലര്‍മാര്‍ എത്രകാലമായി സേവനം തുടങ്ങിയെന്നതും മുന്‍കാല ഉപഭോക്താക്കളോട് അവരുടെ സേവനത്തെ കുറിച്ച് ചോദിച്ചറിയുന്നതും നന്നായിരിക്കും. ഉടമകളില്‍ നിന്ന് നേരിട്ട് വാങ്ങുമ്പോള്‍ വാഹനം ഏതു സ്ഥിതിയിലാണോ അതിനനുസരിച്ച് വില പറയാം. ഒരേ ആള്‍ തന്നെ ഉപയോഗിച്ച, കുറഞ്ഞ ദൂരം മാത്രം ഓടിയിട്ടുള്ള വാഹനമാണെങ്കില്‍ ലാഭകരമാണ്. പത്രപ്പരസ്യത്തിലൂടെയും ക്ലാസിഫൈഡുകളിലൂടെയും ഇത്തരം കാറുകള്‍ കണ്ടെത്താനാകും. അവര്‍ വാഹനം വില്‍ക്കാനുള്ള കാരണം, എത്രകാലം ഉപയോഗിച്ചു എന്നിവയും ചോദിച്ചറിയണം. ഒരു മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കാര്‍ വാങ്ങുന്നതാണ് ഏറ്റവും നല്ലത്.
ടെസ്റ്റ് ഡ്രൈവ്
പഴയ കാര്‍ വാങ്ങുന്നതിനു മുമ്പ് വിവിധ തരം റോഡുകളിലൂടെ മൂന്നു മുതല്‍ നാലു കിലോമീറ്റര്‍ വരെ ഓടിച്ചു നോക്കണം. ഓരോ റോഡിലും യാത്രയുടെ വ്യത്യാസം മനസ്സിലാക്കുന്നതിനാണിത്. എന്‍ജിന്‍ കൃത്യമായി സ്റ്റാര്‍ട്ടാകുന്നുണ്ടോ, സ്റ്റിയറിങ് വൈബ്രേഷന്‍, ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനത്തിനുള്ള വിറയല്‍, അസ്വാഭാവികമായ ശബ്ദങ്ങള്‍, ബ്രേക്ക് തുടങ്ങിയവ പരിശോധിക്കണം. സ്റ്റിയറിങ്ങിന് വൈബ്രേഷന്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ മുന്‍വശത്ത് കാര്യമായ പ്രശ്‌നങ്ങളുണ്ടെന്ന് അനുമാനിക്കാം. എന്‍ജിനാണ് വൈബ്രേഷനെങ്കില്‍ അതിന്റെ മൗണ്ടിങ് പൊട്ടുകയോ ഇളകുകയോ ചെയ്തിട്ടുണ്ടാവാം. 30 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ബ്രേക്ക് ചെയ്ത് നേര്‍രേഖയില്‍ തന്നെയാണ് വാഹനം നില്‍ക്കുന്നതെന്ന് ഉറപ്പു വരുത്തണം. പഴയ കാറുകളില്‍ പലപ്പോഴും ഹാന്‍ഡ് ബ്രേക്കുകള്‍ തകരാറിലായിരിക്കും. അസ്വാഭാവികമായ ശബ്ദങ്ങളുണ്ടെങ്കില്‍ കൃത്യമായ മെയിന്റനന്‍സ് നടത്താത്ത വണ്ടിയാണെന്നുറപ്പിക്കാം. സ്പീഡോമീറ്ററും മൈലേജ് റെക്കോര്‍ഡറും പരിശോധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ക്ലച്ച് റിലീസ് ചെയ്യുമ്പോള്‍ വാഹനം സ്മൂത്തായി തന്നെ മുന്നോട്ടു നീങ്ങണം. ഗിയര്‍ മാറുമ്പോള്‍ വാഹനം മുന്നോട്ടു ചാടുന്നില്ലെന്ന് ഉറപ്പാക്കണം. അഥവാ ചാടുന്നുണ്ടെങ്കില്‍ അത് ഗിയര്‍ പിന്നുകളുടെ പ്രശ്‌നം കൊണ്ടാവാം. ഇത് മാറുന്നതിന് ചെലവേറുമെന്നതിനാല്‍ വില കുറയ്ക്കാനാവശ്യപ്പെടാം. അല്ലെങ്കില്‍ ആ വാഹനം ഉപേക്ഷിക്കാം. ടെസ്റ്റ് ഡ്രൈവ് പൂര്‍ത്തിയായാല്‍ നല്ലൊരു സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ട് എന്‍ജിനില്‍ നിന്നോ ഗിയര്‍ ബോക്‌സില്‍ നിന്നോ എക്‌സ്‌ഹോസ്റ്റ് പമ്പില്‍ നിന്നോ ഓയില്‍ ചോരുന്നുണ്ടോ എന്നു നോക്കണം. കൃത്യമായി പരിപാലിക്കുന്ന എന്‍ജിനാണെങ്കില്‍ റെയ്‌സിങ്ങില്‍ അപശബ്ദങ്ങളുണ്ടാകില്ല. നീലയോ കറുപ്പോ നിറത്തിലുള്ള പുകയും ഉണ്ടാകില്ല.
പഴയ കാറുകള്‍ക്ക് കൃത്യമായ വില നിശ്ചയിച്ചിട്ടില്ലെന്നതിനാല്‍ മോശം ടയറുകളാണെങ്കില്‍ വില പേശലിന് അവസരമുണ്ട്. ഓഡോ മീറ്ററിലെ മൈലേജും കാലപ്പഴക്കവും നോക്കി വര്‍ഷത്തില്‍ എത്ര കിലോമീറ്റര്‍ ഓടിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കാര്‍ വര്‍ഷത്തില്‍ 14, 000 - 18, 000 കിലോമീറ്റര്‍ ഓടിയവയാണെങ്കില്‍ പ്രഥമ പരിഗണന നല്‍കാം. അതേസമയം ഓഡോമീറ്ററില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ടയറിന്റെ തേയ്മാനം, അലൈന്‍മെന്റ് ബുഷും സ്പ്രിങ്ങും, ബെയറിങ്ങുകള്‍ എന്നിവയും നോക്കിയിരിക്കണം. ബെയറിങ് മോശമായാല്‍ മാറ്റുന്നതിന് ചിലപ്പോള്‍ ചെലവേറിയേക്കാം.
അസ്വാഭാവികമായ പെയിന്റിങ് സൂക്ഷിച്ചു നോക്കിയാല്‍ കണ്ടെത്താം. ഇത് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതിനുള്ള സൂചനയാണ്. ബാറ്ററിക്കു ചുറ്റുമുള്ള ഭാഗങ്ങളില്‍ ആസിഡ് വീണ് ദ്രവിച്ചിട്ടുണ്ടെങ്കില്‍ വാഹനം കൃത്യമായി മെയിന്റനന്‍സ് നടത്താറില്ലാത്തതാണെന്ന് ഊഹിക്കാം. ബാറ്ററി പഴയതാണെങ്കില്‍ 2500 രൂപ വരെ കുറച്ചു ചോദിക്കാം. ഓഡിയോ സിസ്റ്റം ഉണ്ടെങ്കില്‍ അവ പ്രവര്‍ത്തിക്കുന്നതാണോ എന്ന് ഉറപ്പു വരുത്തണം. ലൈറ്റുകള്‍, ഡിപ്പറുകള്‍, കാബിന്‍ ലൈറ്റുകള്‍, റിവേഴ്‌സ് - ബ്രേക്ക് ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉച്ചയ്ക്ക് അല്‍പദൂരം പോയി എസിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാം. കയറ്റം കയറുമ്പോള്‍ എസിയുടെ പ്രവര്‍ത്തനവും വാഹനത്തിന്റെ പിക്കപ്പും നോക്കണം.
പരിശോധിക്കേണ്ട രേഖകള്‍
വാഹനം വാങ്ങാന്‍ നിശ്ചയിച്ചാല്‍ പണം കൊടുക്കുന്നതിനു മുമ്പായി രേഖകള്‍ കൃത്യമായി പരിശോധിക്കണം. രജിസ്‌ട്രേഷന്‍ ബുക്ക്, ഇന്‍ഷുറന്‍സ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്‌സ് തുടങ്ങിയ രേഖകളാണ് പരിശോധിക്കേണ്ടത്. രജിസ്‌ട്രേഷന്‍ ബുക്ക്, ഇന്‍ഷുറന്‍സ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്‌സ് എന്നിവ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ആവശ്യമാണ്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റാണോ എന്നും നോക്കണം. ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെട്ടാല്‍ ഇതു സംബന്ധിച്ച് അറിയാന്‍ കഴിയും. എന്‍ജിന്‍ നമ്പറും ഷാസി നമ്പറും വാഹനത്തിന്റെ നമ്പറും രജിസ്‌ട്രേഷന്‍ ബുക്കിലേതുമായി യോജിക്കുന്നുണ്ടോ, ഏതു സംസ്ഥാനത്താണ് രജിസ്‌ട്രേഷന്‍, വാഹനം ഉപയോഗിക്കുന്ന സ്ഥലത്തേക്ക് രജിസ്‌ട്രേഷന്‍ മാറ്റിക്കിട്ടാന്‍ ഉടമ സഹകരിക്കുമോ, എന്നിവയും ചോദിച്ചറിയണം. ഇന്‍ഷുറന്‍സ് രേഖകളില്‍ നിന്ന് അപകടങ്ങളില്‍ ക്ലെയിം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അറിയാനാകും.
ഫിനാന്‍സ്
ഏതെങ്കിലും സാമ്പത്തിക സ്ഥാപനങ്ങളെ ആശ്രയിച്ചാണ് വാഹനം വാങ്ങുന്നതെങ്കില്‍ നല്ല കമ്പനികളെ സമീപിക്കണം. അവരുടെ പലിശ നിരക്ക്, മാസത്തവണ, കാലാവധി എന്നിവ കൃത്യമായി അറിയണം. വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് വാഹനത്തിന്റെ യഥാര്‍ഥ വില, ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുക്കാനുദ്ദേശിക്കുന്ന തുക, മാസത്തവണയും കാലാവധിയും, ആകെ തുക (സര്‍വീസ് ചാര്‍ജും വായ്പയും പലിശയും ആദ്യം നല്‍കുന്ന തുകയും ഉള്‍പ്പെടെ ) ഇത് ബജറ്റ് തുകയുമായി യോജിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. മുമ്പ് ഫിനാന്‍സ് ഉണ്ടെങ്കില്‍ അതു സംബന്ധിച്ചുള്ള രേഖകളും പരിശോധിക്കാം. ആ സ്ഥാപനത്തില്‍ നിന്ന് വാഹനം വില്‍ക്കുന്നതിന് അനുമതി പ്രത്രം വാങ്ങേണ്ടതാണ്. ഇതുണ്ടെങ്കില്‍ പിന്നീട് അവര്‍ക്ക് വാഹനത്തിനു മേല്‍ അവകാശം ഉന്നയിക്കാനാവില്ല. വില നിശ്ചിതമല്ലാത്തതിനാല്‍ തകരാറുകള്‍ ചൂണ്ടിക്കാണിക്കാനായാല്‍ അതിനനുസരിച്ച് വില കുറച്ചു കിട്ടും.
No comments:
Post a Comment