V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Saturday, 25 February 2012

കുടിച്ച് കുടുങ്ങിയത് 11 പേര്‍ മാത്രം

തിരുവനന്തപുരം: തീവണ്ടിയില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ റെയില്‍വേ പോലീസ് നടത്തിയ ശ്രമങ്ങള്‍ക്ക് യാത്രക്കാരില്‍ നിന്ന് സമ്പൂര്‍ണ സഹകരണം. പരിശോധനയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പലയിടത്തും വനിതാ യാത്രക്കാര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. കുടിച്ച് കുടുങ്ങിയവരുടെ എണ്ണം ഒറ്റദിനം
കൊണ്ട് 41-ല്‍ നിന്ന് പതിനൊന്നായി
കുറഞ്ഞു. വ്യാഴവും വെള്ളിയുമായി 52 പേര്‍ക്കെതിരെയാണ് റെയില്‍വേ പോലീസ് കേസ്സെടുത്തത്. 

തിരുവനന്തപുരത്ത് ചെന്നൈ മെയിലിലാണ് ആദ്യ പരിശോധന നടന്നത്. ബ്രീത്ത് അനലൈസറുമായി യാത്രക്കാരുടെ അടുത്ത് ചെല്ലുന്നതിന് മുമ്പ് ഡ്യൂട്ടി സ്റ്റാഫിന് പരിശോധന നടത്തി. ലോക്കോ പൈലറ്റ്, അസി.പൈലറ്റ്, ടി.ടി.ഇ, ബെഡ് റോള്‍ അസിസ്റ്റന്റ്, പാന്‍ട്രി തൊഴിലാളികള്‍ എന്നിവരില്‍ രണ്ടുമണിയോടെ തന്നെ പരിശോധന പൂര്‍ത്തിയാക്കി. പ്ലാറ്റ്‌ഫോമിലും പരിശോധന നടത്തി. തീവണ്ടിയില്‍ നടന്ന പരിശോധനയ്ക്ക് യാത്രക്കാരില്‍ നിന്ന് സമ്പൂര്‍ണ പിന്തുണ ലഭിച്ചതായി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ റെയില്‍വേ സംരക്ഷണ സേന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ്.ഗോപകുമാര്‍ പറഞ്ഞു. 

''എല്ലാ ദിവസോം പിടിക്കണം സാറേ......രാത്രി ട്രെയിനില്‍ കേറിയാല്‍ കുടിയന്‍മാര്‍ സൈ്വരം തരില്ല.....''ചെന്നൈ മെയില്‍ യാത്രക്കാരിയായ കരമന സ്വദേശിനി സുനന്ദ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ നിയമം സെക്ഷന്‍ 145 അനുസരിച്ച് മദ്യപരെ പരിശോധിയ്ക്കല്‍ കേരളത്തില്‍ ഊര്‍ജിതമാക്കിയത് വ്യാഴാഴ്ചയാണ്. വ്യാഴാഴ്ച മൊത്തം 41 പേര്‍ കേരളത്തിലങ്ങോളമിങ്ങോളം കുടുങ്ങി. പരിശോധന ഊര്‍ജിതമാക്കിയ കാര്യം വ്യാഴാഴ്ച ചാനലുകളിലും വെള്ളിയാഴ്ച പത്രങ്ങളിലും പ്രാധാന്യത്തോടെ വന്നത് കുടിയന്‍മാരെ മര്യാദക്കാരാക്കി. വ്യാഴാഴ്ച കണ്ണൂരില്‍ 17 പേര്‍ ഒരു വണ്ടിയില്‍ നിന്ന് പിടികൂടപ്പെട്ടു. വ്യാഴാഴ്ച അത് മൂന്നായി കുറഞ്ഞു. രണ്ടുദിവസം കൊണ്ട് സംസ്ഥാനത്തൊട്ടാകെ 52 പേര്‍ കുടുങ്ങി. ഇതില്‍ വെള്ളിയാഴ്ച കുടുങ്ങിയവര്‍ 11 പേര്‍ മാത്രം. 

പിടികൂടിയ 52 പേര്‍ക്കും യാത്ര ഉടനടി അവസാനിപ്പിക്കേണ്ടി വന്നു. ഇവര്‍ക്കെതിരെ കേസ്സെടുത്ത് റെയില്‍വേകോടതിക്ക് കൈമാറിയിട്ടുണ്ട്. കോടതിയാണ് ശിക്ഷ വിധിക്കേണ്ടത്. 145-ാം സെക്ഷനില്‍ മൂന്ന് ഉപവകുപ്പുകളുണ്ട്. മദ്യപിച്ച നിലയില്‍ കണ്ടാല്‍, മദ്യപിച്ച ശേഷം ബഹളമുണ്ടാക്കിയാല്‍, മദ്യപിച്ച ശേഷം സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കിയാല്‍ കേസ്സെടുക്കാവുന്നതാണെന്നാണ് ഉപവകുപ്പുകള്‍ പറയുന്നത്. ഇതില്‍ ഇതുവരെ രണ്ടും മൂന്നും ഉപവകുപ്പുകള്‍ മാത്രം അനുസരിച്ചാണ് കേസ്സെടുത്തിരുന്നത്. മദ്യപിച്ച ശേഷം കണ്ടാലും കേസ്സെടുക്കാം എന്ന ഉപവകുപ്പ് നടപ്പിലാക്കാന്‍ തുടങ്ങിയതോടെയാണ് പരിശോധനയില്‍ കാര്‍ക്കശ്യം വന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

No comments: