V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Tuesday, 28 February 2012

പശുക്കള്‍ക്ക് ഹോര്‍മോണ്‍ കുത്തിവെപ്പ്-പാലിലും വിഷാംശം

പാലിന്റെ ലഭ്യതയ്ക്കായി ക്ഷീരകര്‍ഷകര്‍ പശുവിന്റെ ശരീരത്തില്‍ നടത്തുന്ന കുത്തിവെപ്പുകള്‍ പലതും മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.ക്ഷീരകര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്ന 'ഓക്‌സിടോസിന്‍' എന്ന ഹോര്‍മോണാണ് ഇതില്‍ അതീവമാരകം. അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദേശമുള്ള
ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ യാതൊരു കണക്കുമില്ലാതെയാണ് ഇന്ന് പ്രാദേശികതലത്തില്‍ പോലും ഉപയോഗിക്കുന്നത്. ഓക്ടിടോസിന്‍ കുത്തിവെപ്പ് പശുവിന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനു പുറമെ അവയില്‍ നിന്നും ലഭിക്കുന്ന പാലിലും വിഷാംശം കലരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 'പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ ആക്ട്- 1960' പ്രകാരം ഓക്‌സിടോസിന്റെ വ്യാപകമായ ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. മൂന്നുവര്‍ഷത്തിനടുത്ത് സ്ഥിരമായി കുത്തിവെപ്പ് തുടര്‍ന്നാല്‍ പശുവിന്റെ പ്രത്യുല്പാദനശേഷി പൂര്‍ണമായും നശിക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.



ഓക്‌സിടോസിന്‍ കുത്തിവെച്ചാല്‍ പാല്‍ ധാരാളമായി ലഭിക്കുമെന്ന മിഥ്യാധാരണയിലാണ് ക്ഷീരകര്‍ഷകര്‍ അമിതമായി പശുക്കളില്‍ കുത്തിവെപ്പ് നടത്തുന്നത്. പാല്‍ ചുരത്താന്‍ സഹായിക്കുന്ന ഹോര്‍മോണുകളെ കുത്തിവെപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ട്. എന്നാല്‍ കുത്തിവെപ്പിലൂടെ പാലിന്റെ ലഭ്യത കൂടുന്നില്ല. ഫാമുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ കുത്തിവെപ്പ് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓക്‌സിടോസിന്‍ ഒരു ആംപ്യൂളിന് നിസ്സാരമായ പണം മാത്രമേ ആവശ്യമുള്ളൂ എന്നത് ഉപയോഗം വര്‍ധിക്കാന്‍ കാരണമാകുന്നു.



ഓക്‌സിടോസിന്‍ കുത്തിവെച്ച പശുവിന്റെ പാല്‍ സ്ഥിരമായി കഴിക്കുമ്പോള്‍ മനുഷ്യശരീരത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. ഗര്‍ഭിണികളുടെ ശരീരത്തിലാണിത് ഏറെ പ്രതികൂലമായ മാറ്റങ്ങള്‍ കണ്ടുവരുന്നത്. മനുഷ്യശരീരത്തിലെ ഹോര്‍മോണുകളില്‍ വ്യതിയാനം സംഭവിക്കുന്നതുമൂലം അടുത്ത തലമുറയുടെ പ്രതിരോധ ശേഷിയെ സാരമായി തകരാറിലാക്കുന്നു.



ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങി പാലിന്റെ ഉല്പാദനം ഏറെ നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഓക്‌സിടോസിന്റെ നിയമപരമല്ലാത്ത നിര്‍മാണവും വിതരണവും നടക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പു പ്രകാരം മാത്രം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ള മരുന്ന് യാതൊരു തടസ്സവും കൂടാതെ വ്യാപകമായി മരുന്നുകടകളില്‍ നിന്ന് ക്ഷീരകര്‍ഷകന് ഇന്ന് ലഭ്യമാണ്.



നിയമനടപടികളിലുള്ള വീഴ്ച മൂലമാണ് ഓക്‌സിടോസിന്റെ ഉപയോഗം കൂടാന്‍ കാരണമെന്ന് സര്‍വേയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മരുന്നുപയോഗത്തെ കുറിച്ച് വിവരം ലഭിച്ചാല്‍ ഡ്രഗ്ഗ് കണ്‍ട്രോളര്‍ക്ക് മുനിസിപ്പല്‍ കമ്മീഷണറെ വിവരമറിയിക്കാവുന്നതാണ്.

No comments: