V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Thursday 23 February 2012

അഖിലേന്ത്യ പണിമുടക്ക്: വിളംബര ജാഥ 27ന്



കൊച്ചി: സംയുക്ത ട്രേഡ് യൂണിയനുകള്‍ 28 ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഒരുക്കംപൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും പണിമുടക്ക് വിളംബരജാഥകള്‍ 27 ന് നടക്കും. പ്രാദേശികമായി തൊഴിലാളി
കണ്‍വെന്‍ഷനുകള്‍ 25 ന് ചേരും. പണിമുടക്കില്‍ എല്ലാ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കും. കടകള്‍ അടച്ച് പണിമുടക്കില്‍ പങ്കെടുക്കാന്‍ വ്യാപാര മേഖലയോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പണിമുടക്ക് ദിവസം തൊഴിലാളികള്‍ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍
സംയുക്ത പ്രകടനങ്ങള്‍ നടത്തും. 24 മണിക്കൂര്‍ പണിമുടക്കില്‍ 60 കോടി ജനങ്ങള്‍ അണിനിരക്കും. 



നയപരവും അടിയന്തര പ്രാധാന്യമുളളതുമായ പത്തിന അവകാശപത്രിക മുമ്പോട്ട് വെച്ചു കൊണ്ടാണ് 11 കേന്ദ്ര ട്രേഡ് യൂണിയനുകളും, ദേശീയ ഫെഡറേഷനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്. ഐ. എന്‍. ടി. യു. സി, ബി. എം. എസ്, സി. ഐ. ടി. യു, എ. ഐ. ടിയു. സി, യു. ടി. യു. സി, എ. ഐ. യു. ടി. യു. സി, എച്ച്. എം. എസ്, എന്‍. എല്‍. ഒ, എന്‍. എല്‍. സി, ടി. യു. സി. സി, ടി. യു. സി. ഐ, എസ്. ഇ. ഡബ്ല്യു. എ, എസ്. ടി. യു, കെ. ടി. യു. സി തുടങ്ങിയ ട്രേഡ് യൂണിയനുകളാണ് നേതൃത്വം നല്‍കുന്നത്. 


കേന്ദ്ര പൊതുമേഖല, കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, അദ്ധ്യാപകര്‍, ബാങ്ക് ഇന്‍ഷുറന്‍സ്, സഹകരണ ജീവനക്കാര്‍ എന്നിവരും ടെലികമ്മ്യൂണിക്കേഷന്‍സ്, തുറമുഖങ്ങള്‍, പെട്രോളിയം-പ്രകൃതിവാതകം, വൈദ്യുത മേഖലകള്‍, ഡിഫെന്‍സ് എംപ്ലോയീസ്, സ്വകാര്യമേഖല വ്യവസായങ്ങള്‍, അസംഘടിതമേഖല, വിവിധ സര്‍വ്വീസ് മേഖലകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. 

കൊച്ചി തുറമുഖം, ഷിപ്പ്‌യാര്‍ഡ്, എഫ്. എ. സി. ടി, എച്ച്. എം. ടി, എച്ച്. എന്‍. എല്‍, ലാറ്റക്‌സ്, റിഫൈനറി തുടങ്ങി എല്ലാ കേന്ദ്രപൊതുമേഖല വ്യവസായങ്ങളിലെ മുഴുവന്‍ യൂണിയനുകള്‍ക്കും പണിമുടക്ക് നോട്ടീസ് നല്‍കി. പൊതുമേഖലയിലെ കെ. എം. എം. എല്‍, ടെല്‍ക്ക്, കെല്‍ട്രോണ്‍, മലബാര്‍ സിമന്റ്‌സ്, സിവില്‍ സപ്ലൈസ് തുടങ്ങി എല്ലാ വ്യവസായങ്ങളിലും, സംഘടിത സ്വകാര്യ മേഖലയിലെ ഹിന്‍ഡാല്‍കോ, അപ്പോളോ ടയേഴ്‌സ്, ചന്ദ്രിക സോപ്പ്, കാര്‍ബോറണ്ടം തുടങ്ങി വന്‍കിട സ്ഥാപനങ്ങളിലും ട്രേഡ് യൂണിയനുകള്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. 

വിലക്കയറ്റം തടയുക, തൊഴില്‍ സംരക്ഷിക്കുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുകയും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുകയും ചെയ്യുക, മിനിമം കൂലി നിയമം ഭേദഗതി ചെയ്ത് കുറഞ്ഞ കൂലി 10000 രൂപയില്‍ കുറയാതെ നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പാല്‍വിതരണം, ആസ്​പത്രി, കുടിവെളളം, മരുന്ന് വില്‍പ്പന, പത്രം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. 

No comments: