V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Tuesday, 28 February 2012

സഭാ നടപടികള്‍ വെബ്‌സൈറ്റിലൂടെ; നടുത്തളം പകര്‍ത്താന്‍ മൂന്ന് ക്യാമറകള്‍


 ഈ സമ്മേളനം മുതല്‍ നിയമസഭാ നടപടികള്‍ വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്യുമെന്ന്   സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സംപ്രേഷണം തത്‌സമയമായിരിക്കില്ല. എന്നാല്‍ നടപടികള്‍ അതത് ദിവസംതന്നെ സംപ്രേഷണം ചെയ്യും. ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപനവും ബജറ്റുമാണ് സംപ്രേഷണം ചെയ്യുക.
സഭാനടപടികള്‍ സുഗമമാക്കുന്നതിന് കക്ഷിനേതാക്കളുടെ യോഗം തിങ്കളാഴ്ച ചേര്‍ന്നു. സാധാരണ പാര്‍ലമെന്റ് സമ്മേളനത്തിന്
മുന്നോടിയായാണ് ഇത്തരം യോഗം ചേരുക. എന്നാല്‍ കഴിഞ്ഞ തവണയും സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഇത്തരത്തില്‍ യോഗം വിളിച്ചിരുന്നു. ബഹളം കാരണം നിയമങ്ങള്‍ ചര്‍ച്ച കൂടാതെ അംഗീകരിക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് സ്​പീക്കര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കക്ഷിനേതാക്കളോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം അറിയിച്ചു.



5.88 കോടി രൂപ ചെലവില്‍ നിയമസഭയിലെ ദൃശ്യശ്രാവ്യ സംവിധാനങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കിയതായും സ്​പീക്കര്‍ അറിയിച്ചു. നവീകരിച്ച സഭയിലാണ് ഇത്തവണത്തെ സമ്മേളനം.



സഭാ നടപടികള്‍ ചിത്രീകരിക്കുന്നതിന് പഴയ ക്യാമറയ്ക്ക് പകരം കൂടുതല്‍ വ്യക്തതയുള്ള പുതിയ എട്ട് ക്യാമറകള്‍ സ്ഥാപിച്ചു. സാധാരണ സംഭവബഹുലമാവാറുള്ള നടുത്തളം പകര്‍ത്താന്‍ മാത്രം മൂന്ന് ക്യാമറകളുണ്ടാവും. കഴിഞ്ഞ സമ്മേളനത്തില്‍ നടുത്തളത്തില്‍ അരങ്ങേറിയ സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നില്ല. ക്യാമറകള്‍ പഴയതായിരുന്നു. ഈ സാഹചര്യത്തിലാണ് നവീകരണം വേഗത്തിലാക്കിയത്. ഏതെങ്കിലും അംഗം സംസാരിക്കുമ്പോള്‍ ഒരു ക്യാമറ അദ്ദേഹത്തെ മാത്രം കേന്ദ്രീകരിക്കും. അംഗങ്ങള്‍ സംസാരിക്കുന്നത് അപ്പോള്‍ തന്നെ പല ഭാഷകളില്‍ പരിഭാഷപ്പെടുത്തി കേള്‍ക്കാനാവുന്ന സംവിധാനവും തയ്യാറായി വരുന്നു.



സംയോജിത കംപ്യൂട്ടര്‍ നിയന്ത്രിത സമ്മേളന സംവിധാനം, ഇലക്‌ട്രോണിക് വോട്ടിങ്, ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ശൃംഖല, നിയമസഭാ ഹാളിനുള്ളില്‍ വീഡിയോ ആര്‍ക്കൈവല്‍ സംവിധാനം എന്നിവ പുതുതായി ഏര്‍പ്പെടുത്തി. എം.എല്‍.എ. മാരുടെ വിശ്രമ സങ്കേതത്തില്‍ പ്രസംഗവും പാട്ടും കേള്‍ക്കാനുമാവും.



കേരളത്തിന്റെ അധിക ചുമതല വഹിക്കുന്ന കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജിന്റെ നയപ്രഖ്യാപനത്തോടെ മാര്‍ച്ച് ഒന്നിന് രാവിലെ 9ന് സഭാസമ്മേളനം തുടങ്ങും. രണ്ടിന് രാവിലെ ഗവര്‍ണര്‍ എം.ഒ.എച്ച്.ഫാറൂഖിന്റെ നിര്യാണത്തില്‍ അനുശോചനം. മാര്‍ച്ച് അഞ്ച്, ആറ്. എട്ട് തീയതികളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച. മാര്‍ച്ച് ഏഴിനും ഒമ്പത് മുതല്‍ 18 വരെയും 30നും സഭ ചേരില്ല. 19ന് ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും. നാലിന് സഭപിരിയും.

No comments: