പരമാവധി മുപ്പതിനായിരമോ, അതിനുമല്‍പം മുകളിലോ ദിവസങ്ങള്‍ നീളുന്ന ഒരു ജീവിതവൃക്ഷത്തിന്റെ ഇലകള്‍ എത്ര വേഗത്തിലാണ് കൊഴിഞ്ഞു വീഴുന്നത്? എന്നിട്ടും ഒരു മരണവും നമ്മളെ ഒന്നും പഠിപ്പിക്കുന്നില്ല. യക്ഷന്‍ യുധിഷ്ഠരനോട് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്തെന്ന് ചോദിക്കുന്നുണ്ട്. അതിന് യുധിഷ്ഠരന്റെ മറുപടി ഇങ്ങനെയാണ്: ''ഓരോ ദിവസവും എണ്ണിയാലൊടുങ്ങാത്ത ജീവജാലങ്ങള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍, ശേഷിക്കുന്നവര്‍ കരുതുന്നു തങ്ങള്‍ക്ക് മരണമില്ലെന്ന്... തങ്ങള്‍ ഈ ഭൂമിയില്‍ സ്ഥിരമായി ഉണ്ടായിരിക്കുമെന്ന്. ഇതു തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം.''
വളരെ സന്തോഷമായി ജീവിച്ചുവെന്നോ ജീവിതവിജയം നേടിയെന്നോ ഒക്കെ നാം ധരിക്കുന്ന ചിലര്‍ പൊടുന്നനെ ഇല്ലാതാകുമ്പോള്‍ അവരുടെ കുടുംബം അഥവാ ഉറ്റവര്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങള്‍ക്ക് എത്രയോ ഉദാഹരണങ്ങളുണ്ട്. ജീവിതകാലത്ത് തങ്ങള്‍ ആര്‍ജിച്ച സ്വത്തുവകകള്‍ തങ്ങളുടെ കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് ഒരു രേഖയുമുണ്ടാകാതെ കടന്നു പോയ ഒട്ടേറെപ്പേരുണ്ട്. ആ ഒരു കാരണത്താല്‍തന്നെ അവരുടെ കുടുംബങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും ചെറുതല്ല. എസ്റ്റേറ്റ് പ്ലാനിങ്ങിന്റെ അഭാവത്തിലൂടെയുണ്ടാകുന്ന ഈ കുറവ് പരിഹരിക്കുവാന്‍ ശ്രമിക്കേണ്ടതു തന്നെയാണ്.
വ്യക്തമായ പ്ലാനിങ്ങിലൂടെ, കഷ്ടപ്പെട്ട് സ്വരുകൂട്ടിയ സ്വത്ത്, കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്നോ, ആ ആളിലോ, ആളുകളിലോ നിയമപരമായി തന്റെ സ്വത്തുക്കള്‍ എത്തിച്ചേരുന്നതിന് എസ്റ്റേറ്റ് പ്ലാനിങ് സഹായിക്കുന്നു. അതിനായി നിയമപരമായ ഒരു രേഖ (Will) ഉണ്ടാക്കുകയാണ് ആദ്യപടി. തങ്ങളുടെ കാലശേഷം തങ്ങള്‍ക്കുള്ള സ്വത്തുവകകള്‍ ആരുടെയൊക്കെ കൈവശം ഏതൊക്കെ അനുപാതത്തിലാണ് എത്തിച്ചേരേണ്ടതെന്ന് വില്‍പത്രത്തില്‍ പറഞ്ഞിരിക്കും. നിയമപരമായ സാധുതയുള്ള വില്‍പത്രം എഴുതുന്നയാള്‍ ജീവിച്ചിരിക്കെ എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാവുന്നതാണെന്നതാണ് ഒരു പ്രത്യേകത. മാനസിക പ്രശ്‌നങ്ങളില്ലാത്ത, 18 വയസ്സിനുമേല്‍ പ്രായമുള്ള ഒരാള്‍ക്ക് വില്‍പത്രം തയ്യാറാക്കാവുന്നതാണ്. ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ത്തന്നെ വേണം എന്നൊന്നും ഇല്ലെങ്കിലും, ഇത് ഡ്രാഫ്റ്റ് ചെയ്ത് പരിചയമുള്ള ഒരു ലീഗല്‍ പ്രാക്ടീഷണറെ ഏല്പിക്കുകയാവും ഭംഗി. വ്യക്തമായ ശൈലിയില്‍ ഏതു ഭാഷയില്‍ വേണമെങ്കിലും വില്‍പത്രം തയ്യാറാക്കാവുന്നതാണ്.
രജിസ്‌ട്രേഷന്‍ അനിവാര്യമാണോ എന്നതാണ് വില്‍പത്രത്തെ സംബന്ധിച്ചുള്ള ഒരു സംശയം. ഇന്ത്യയില്‍ വില്‍പത്രത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല. എങ്കിലും വില്‍പത്രം രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍, രജിസ്ട്രാറുടെ കൈവശം രേഖയുള്ളതിനാല്‍ അതില്‍ തിരുത്ത് വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് എളുപ്പമല്ല. വില്‍പത്രത്തിന് സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലായെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ഓരോ പേജിലും ഒപ്പോ നിരക്ഷരരെങ്കില്‍ വിരലടയാളമോ പതിക്കേണ്ടതാണ്. വെട്ടിത്തിരുത്തുകള്‍ ഉണ്ടെങ്കില്‍ അവിടെയും ഒപ്പോ വിരലടയാളമോ പതിപ്പിക്കേണ്ടതുണ്ട്. രണ്ടോ, അതിലധികമോ ആളുകള്‍ സാക്ഷികളായി ഉണ്ടായിരിക്കണം എന്നുള്ളതാണ് മറ്റൊരു നിബന്ധന. പക്ഷേ, ഈ സാക്ഷികളോ, സാക്ഷികളുടെ ഭാര്യയോ ഭര്‍ത്താവോ വില്‍പത്രം അനുസരിച്ച് അടുത്ത അവകാശികളാകാന്‍ പാടില്ലെന്നതും മറക്കാതിരിക്കുക. ഇങ്ങനെ കൃത്യമായി ഉണ്ടാക്കപ്പെട്ട വില്‍പത്രം, പില്‍ക്കാലത്ത് ഇല്ലാതാക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ വില്‍പത്രം എഴുതിയ ആള്‍ക്ക് അവകാശമുണ്ട് എന്നത് നേരത്തെ സൂചിപ്പിച്ചല്ലോ?
ഇങ്ങനെയെഴുതപ്പെട്ട വില്‍പത്രത്തില്‍ തങ്ങളുടെ സ്വത്തുവകകള്‍ തങ്ങള്‍ ഉദ്ദേശിക്കുന്നവരുടെ കൈവശം വലിയ പണച്ചെലവില്ലാതെ, തര്‍ക്കങ്ങളില്ലാതെ എത്തിച്ചേരും എന്നതാണ് ഇത്തരമൊരു രേഖയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്.
No comments:
Post a Comment