മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാതാകുമെന്ന പേടി ഇനി വേണ്ട.
സാധാരണ അക്കൗണ്ടുകളില്‍ 500 രൂപയും ചെക്ക് ബുക്കുള്ളവയില്‍ 1000 രൂപയും മിനിമം ബാലന്‍സ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ എസ്.ബി.ഐ. ശാഖകളിലെത്തി. മിനിമം ബാലന്‍സില്‍ കുറവുവന്നാല്‍ മൂന്നുമാസത്തിലൊരിക്കല്‍ 200 രൂപ വീതം സര്‍വീസ്ചാര്‍ജ് ഈടാക്കുമെന്ന വ്യവസ്ഥയും ഒഴിവായിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാരെയാണ് ഈ വ്യവസ്ഥകള്‍ ഏറെ ദോഷകരമായി ബാധിച്ചിരുന്നത്. മിനിമം തുകയില്ലാത്ത അക്കൗണ്ടുകള്‍ കുറച്ചുമാസങ്ങള്‍ക്കകം ഇല്ലാതായിപ്പോകുന്നത് പതിവായിരുന്നു.
ബാങ്കിന്റെ മുംബൈയിലെ കോര്‍പ്പറേറ്റ് ആസ്ഥാനത്തുനിന്ന് ഫിബ്രവരി 22ന് ശാഖകളിലേക്ക് അയച്ച 1025-ാം നമ്പര്‍ സര്‍ക്കുലറിലാണ് മിനിമം ബാലന്‍സ് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി 100 രൂപ നിക്ഷേപിച്ചാല്‍ മതി. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും മറ്റുമുള്ള നോഫ്രില്‍ അക്കൗണ്ട് തുടങ്ങാനാണെങ്കില്‍ 50 രൂപ മതിയാവും. കൂടുതല്‍ ഇടപാടുകാരെ നേടാനും നിലനിര്‍ത്താനുമാണ് എസ്.ബി.ഐ. സേവിങ്‌സ് ഇടപാടുകാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്കുകളില്‍ എസ്.ബി. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന് റിസര്‍വ്ബാങ്ക് നിര്‍ദേശിക്കുന്നില്ല. അതത് ബോര്‍ഡുകളുടെ നിര്‍ദേശപ്രകാരമാണ് ഓരോ ബാങ്കും മിനിമംബാലന്‍സും സര്‍വീസ് ചാര്‍ജും നിശ്ചയിക്കുന്നത്. അക്കൗണ്ട് തുടങ്ങുമ്പോള്‍ത്തന്നെ മിനിമം ബാലന്‍സ്, സര്‍വീസ്ചാര്‍ജുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരം ഇടപാടുകാരെ അറിയിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നത്. ഏതെങ്കിലും ഘട്ടത്തില്‍ മിനിമം ബാലന്‍സില്‍ വരുന്ന മാറ്റങ്ങളും അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്.
No comments:
Post a Comment