V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Monday, 19 March 2012

പെന്‍ഷന്‍ പ്രായം: യുവജനസംഘടനകളുടെ പ്രതിഷേധം


സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച നടപടിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം കഴിഞ്ഞ ഉടനെ പ്രതിപക്ഷത്തെ യുവ എം.എല്‍.എ.മാരായ പി.ശ്രീരാമകൃഷ്ണന്‍, ടി.വി.രാജേഷ്, ആര്‍.രാജേഷ്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തി. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു.

പെന്‍ഷന്‍ പ്രായം കൂട്ടിയതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസും പങ്കാളികളാകുമോ എന്നും നേതാക്കള്‍ ചോദിച്ചു. ഡി.വൈ.എഫ്.ഐ., യുവമോര്‍ച്ച, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകള്‍ നിയമസഭയിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചുകള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിന് അടുത്തു വച്ച് പോലീസ് തടഞ്ഞു.

ഡി.വൈ.എഫ്.ഐ.യാണ് കറുത്ത കൊടിയുമായി ആദ്യം മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് യുവമോര്‍ച്ച പ്രവര്‍ത്തകരും എ.ഐ.വൈ. എഫ് പ്രവര്‍ത്തകരുമെത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെയും എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ധനകാര്യമന്ത്രിയുടെയും കോലങ്ങള്‍ കത്തിച്ചു. എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയതോതില്‍ ഉന്തുംതള്ളും ഉണ്ടായി.

വിവിധ ജില്ലാ കലക്‌ട്രേറ്റുകളിലേയ്ക്കും യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തി. കണ്ണൂര്‍ കലക്‌ട്രേറ്റില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എന്‍.ജി.ഒ. അസോസിയേഷന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. എന്‍.ജി.ഒ. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പടകം പൊട്ടിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. കലക്‌ട്രേറ്റ് വളപ്പില്‍ പടക്കം പൊട്ടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ ആവശ്യപ്പെട്ടു. 

No comments: