V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Thursday, 1 March 2012

ട്രാഫിക് നിയമലംഘനം: പിഴ അഞ്ചിരട്ടി വരെയാക്കി

 ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ അഞ്ചിരട്ടിവരെ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍വാഹനനിയമം ഭേദഗതിചെയ്തു. ഈ ഭേദഗതികള്‍ക്ക് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

മദ്യപിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് രക്തസാംപിളിലെ മദ്യത്തിന്റെ അംശം തിട്ടപ്പെടുത്തി ശിക്ഷ വിധിക്കും. വണ്ടി ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും പാട്ടുകേട്ട് വാഹനമോടിക്കുന്നതും ശിക്ഷാര്‍ഹമാണ്.

നൂറുമില്ലിലിറ്റര്‍ രക്തത്തില്‍ 30 ഗ്രാമിലോ അതില്‍ കൂടുതലോ മദ്യത്തിന്റെ അംശമുണ്ടെങ്കില്‍ ആറുമാസം വരെ തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മദ്യത്തിന്റെ അംശം 60-150 ഗ്രാമാണെങ്കില്‍
ഒരുവര്‍ഷം തടവോ 4000 രൂപയോ രണ്ടുംകൂടിയോ ലഭിക്കാം. മൂന്നുവര്‍ഷത്തിനിടെ കുറ്റം രണ്ടാമത് ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും 8000 രൂപ പിഴയുമായിരിക്കും ശിക്ഷ.

150 മില്ലിഗ്രാമിലധികം മദ്യത്തിന്റെ അംശം രക്തത്തില്‍ കാണപ്പെട്ടാല്‍ , ആദ്യത്തെ തവണ രണ്ടുവര്‍ഷം തടവും 5000 രൂപ പിഴയും. കുറ്റം ആവര്‍ത്തിച്ചാല്‍ നാലുവര്‍ഷം തടവും പതിനായിരം രൂപ പിഴയും. ലൈസന്‍സ് റദ്ദാക്കുകയും ചെയ്യാം.

മരണകാരണമായി അപകടമുണ്ടാക്കുന്നതിനുള്ള ശിക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. തട്ടിവീഴ്ത്തി പാഞ്ഞുപോകുന്ന കേസുകളില്‍ പിഴ 50,000ത്തില്‍-നിന്ന് ഒരുലക്ഷം രൂപയായി ഉയര്‍ത്തി.

മൊബൈലില്‍ സംസാരിച്ച് വണ്ടിയോടിക്കുന്നതിന് ആദ്യത്തെതവണ 500 രൂപയാണ് പിഴ. രണ്ടാംതവണ 2000 രൂപയും. മൊബൈല്‍ മാത്രമല്ല , വണ്ടിയോടിക്കുമ്പോള്‍, സിഗ്‌നലുകള്‍ ഉപയോഗിച്ച് വിവരങ്ങളോ ചിത്രങ്ങളോ സ്വീകരിക്കുകയോ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കുകയോ ചെയ്യുന്ന ഏത് ഉപകരണവും ഇതിന്റെ നിര്‍വചനത്തില്‍പ്പെടും. പാട്ടുകേള്‍ക്കാന്‍ ഉപയോഗിക്കുന്ന ഐ പാഡും ഈ കൂട്ടത്തില്‍പ്പെടും.

അപകടകരമായ രീതിയില്‍ വണ്ടിയോടിക്കുന്നതിന് ആറുമാസം തടവും ആയിരംരൂപ പിഴയും നല്‍കേണ്ടി വരും. സിഗ്‌നലുകള്‍ ലംഘിക്കുക തുടങ്ങിയ പൊതുനിയമലംഘനങ്ങള്‍ക്ക് പിഴ ആദ്യതവണ 100 രൂപയായിരുന്നത് 500 രൂപയായും 300 രൂപയായിരുന്നത് 1000-1500 രൂപയായും ഉയരും. ലൈസന്‍സില്ലാത്തവര്‍ വണ്ടിയോടിക്കുന്നതിനുള്ള പിഴയും 1000-ത്തില്‍നിന്ന് 2000 രൂപയാക്കി. പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടിയോടിച്ചാല്‍ പിഴ നല്‍കേണ്ടത് വാഹനഉടമയാണ്.

അമിതവേഗതയ്ക്കുള്ള പിഴ 400 രൂപയില്‍നിന്ന് 1000 രൂപയായും തുടര്‍ന്നും കുറ്റംചെയ്താലുള്ള പിഴ 2000 രൂപയില്‍നിന്ന് 5000 രൂപയായും ഉയര്‍ത്തി. മദ്യമല്ലാത്ത ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വണ്ടിയോടിച്ചാലുള്ള പിഴ ആദ്യതവണ 2000 രൂപയും ആറുമാസം തടവുമായിരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 3000 മുതല്‍ 10,000 രൂപവരെ പിഴ നല്‍കേണ്ടിവരും.

രജിസ്‌ട്രേഷന്‍ ഇല്ലാത്ത വാഹനമോടിക്കുന്നതിന് 20,000 രൂപ പിഴയോ ഒരുവര്‍ഷം തടവോ നേരിടേണ്ടി വരും. ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതിനുള്ള ശിക്ഷ 1500 രൂപയായിരിക്കും. സീറ്റ്‌ബെല്‍ട്ട് ധരിക്കാതിരുന്നാല്‍ 500 മുതല്‍ 1500 വരെ രൂപ പിഴ നല്‍കേണ്ടിവരും. ഭേദഗതികള്‍ ഇനി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.

1 comment:

Aoonuthu16 said...

ബ്ലൂടൂത്ത്‌ വച്ച് സംസരിക്കുന്നവന്മാര്‍ക്കെല്ലാം
പണി കിട്ടി. Waiting for a new technology....but still there are ways to to use phone to call......lol