V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Friday, 16 March 2012

ബജറ്റ് : ആദായനികുതി പരിധി രണ്ട് ലക്ഷമാക്കി


 പ്രതീക്ഷിച്ചതുപോലെ കേന്ദ്ര ബജറ്റില്‍ ആദായ നികുതി ഒഴിവ് പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 1.8 ലക്ഷം രൂപയായിരുന്നു. ഇതോടെ രണ്ട് ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. പ്രത്യക്ഷ നികുതി കോഡ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതു പ്രകാരമാണിത്. എന്നാല്‍ ഇത് മൂന്നു ലക്ഷം വരെയായി ഉയര്‍ത്തണമെന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിരുന്നത്.

രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനമായിരിക്കും നികുതി. 5-10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20 ശതമാനമായിരിക്കും നികുതി. നേരത്തെ ഇതിന്റെ പരിധി എട്ട് ലക്ഷമായിരുന്നു. 10 ലക്ഷത്തിന് മുകളിലുള്ള വരുമാനക്കാര്‍ക്കുള്ള ആദായ നികുതി 30 ശതമാനമായിരിക്കും.

കോര്‍പറേറ്റ് നികുതി ഘടനയില്‍ മാറ്റമില്ല. 


സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശയ്ക്ക് 10,000 രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും. 

സേവന നികുതി കൂടുതല്‍ സേവനങ്ങള്‍ക്കായി വ്യാപിപ്പിച്ചു. സേവന നികുതി 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്. 

കോടികളുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും ഇത് അഴിമതിയും പണപ്പെരുപ്പവും കുറയാന്‍ സഹായിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചു. വ്യാവസായിക വളര്‍ച്ച കുറഞ്ഞതും തിരിച്ചടിയായി. രാജ്യം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്. രാജ്യം ഈ വര്‍ഷം 6.9 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. അടുത്ത വര്‍ഷമിത് 7.6 ശതമാനമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്വതന്ത്ര ഇന്ത്യയുടെ എണ്‍പത്തിയൊന്നാമത്തെയും പ്രണബ് മുഖര്‍ജിയുടെ ഏഴാമത്തെയും ബജറ്റാണ് ഇത്. 

യുപിഎയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ഡിഎംകെ ബജറ്റ് അവതരണം ബഹിഷ്‌ക്കരിച്ചു. 

ഒറ്റനോട്ടത്തില്‍
* 50,000 രൂപ വരെ ഓഹരിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 50 % നികുതി ഇളവ്. 
* ഓഹരി നിക്ഷേപകര്‍ക്ക് രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീം
* 10 ലക്ഷം രൂപ വരെ ഓഹരിയില്‍ നിക്ഷേപിച്ചാല്‍ 50 ശതമാനം വരെ ഇളവ്
* പൊതുമേഖലാ ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടി രൂപ സമാഹരിക്കും
* മൈക്രോഫിനാന്‍സ് കമ്പനികള്‍ക്ക് പുതിയ നിയമം
* അടിസ്ഥാനസൗകര്യ മേഖലയില്‍ 50 ലക്ഷം കോടിയുടെ നിക്ഷേപം
* ദേശീയ പാര്‍പ്പിട ഭേദതി ബില്‍ ഉടന്‍
* ദേശീയ പാത അതോറിറ്റിക്കായി 10,000 കോടിയുടെ നികുതി ഇളവ് ബോണ്ട് 
* സബ്‌സിഡികള്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കും
* ഊര്‍ജ മേഖലയ്ക്ക് 10,000 കോടി
* റോഡ് നിര്‍മാണ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം
* വ്യോമയാന മേഖലയ്ക്കായി പ്രത്യേക പാക്കേജ്, 100 കോടി ഡോളര്‍ പ്രവര്‍ത്തന മൂലധനം നല്‍കും
* വിദേശികള്‍ക്ക് ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ അവസരം
* ചരക്ക്‌സേവന നികുതി ആഗസ്തിലേക്ക് നീട്ടി
* ചില്ലറ നിക്ഷേപ മേഖലയിലെ നിക്ഷേപത്തിന് നികുതി ഇളവ്
* സബ്‌സിഡികള്‍ ജിഡിപിയുടെ രണ്ട് ശതമാനമാക്കി നിയന്ത്രിക്കും
* പ്രത്യക്ഷ നികുതി കോഡ് നടപ്പാക്കുന്നത് വൈകും
* 25 ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക് ഒരു ശതമാനം പലിശ ഇളവ്
* പ്രതിരോധ മേഖലയ്ക്ക് 1.95 ലക്ഷം കോടി

കേരളത്തിന്
* കൊച്ചി മെട്രോയ്ക്ക് 60 കോടി രൂപ
* കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി രൂപ
* കര്‍ഷക സബ്‌സിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നത് കേരളത്തിലെ കര്‍ഷകര്‍ക്കും ഗുണകരമാകും
* ഭവനവായ്പയിലെ പലിശ ഇളവ് കേരളത്തിനും ഗുണകരമാകും
* ഭക്ഷ്യസുരക്ഷാ ബില്‍ ഉടന്‍
* കാര്‍ഷിക വായ്പ 5.75 ലക്ഷം കോടി രൂപ
* ഭക്ഷ്യോത്പാദനത്തിന് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കേന്ദ്ര പദ്ധതി
* നെല്ല് ഉത്പാദനത്തിന് 400 കോടി

വില കൂടും
സ്വര്‍ണം
ഫ്രിഡ്ജ്
എ.സി
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍
ആഡംബര കാറുകള്‍

വില കുറയും
മരുന്നുകള്‍
മൊബൈല്‍ ഫോണ്‍
എല്‍.സി.ഡി, എല്‍.ഇ.ഡി ടി.വി 

No comments: