V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Tuesday 20 March 2012

കക്കൂസ് ഇല്ലാത്തതിനാല്‍ വീട് വിട്ട സ്ത്രീക്ക് സുലഭ് പുരസ്‌കാരം


ശൗചാലയം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്തൃ വീട്ടില്‍ നിന്ന് ഇറങ്ങിപോയ മധ്യപ്രദേശിലെ വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ സുലഭ് പുരസ്‌കാരം. ഗോത്ര ജില്ലയായ ബെത്തൂലില്‍ ചിചൗലി ഗ്രാമത്തിലെ അനിതാ ബായി നാരേക്കാണ് ശുചിത്വപ്രചാരണത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്.കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേഷ് പുരസ്‌കാരം സമ്മാനിച്ചു.

അനിതാ ഭായിയുടെ നടപടി വിപ്ലവകരവും വിരോചിതവുമാണെന്ന് ഡല്‍ഹിയില്‍ സാമൂഹിക സേവന സംഘടന സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങിനിടെ ജയറാം രമേഷ് പറഞ്ഞു. അനിതാ ഭായി എല്ലാ സ്ത്രീക്കള്‍ക്കും പ്രചോദനമാണ്. 2022 ആകുമ്പോഴേക്കും സമ്പൂര്‍ണ്ണ ശൗചാലയ പദ്ധതിയെന്ന ലക്ഷ്യത്തില്‍ എത്തിചേരാന്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തം വേണം.-അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 2.5 ലക്ഷത്തോളം ഗ്രാമങ്ങളില്‍ 25000 എണ്ണത്തിലും കക്കൂസുകള്‍ ഇല്ലെന്നും ഇതില്‍ 9000 ത്തോളം ഗ്രാമങ്ങള്‍ മഹാരാഷ്ട്രയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അനിതയെ പോലുള്ളവര്‍ ശുചിത്വബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ അംബാസഡര്‍ ആകണം. വൃത്തിയുടെ കാര്യത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയുള്ള സഹകരണമാണ് ആവശ്യം. ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ഒരോരുത്തരും പ്രതിജ്ഞ ചെയ്യണം-ജയറാം രമേഷ് പറഞ്ഞു.

ഭര്‍ത്താവ് ശിവ്‌റാം നാരേയ്‌ക്കൊപ്പമാണ് അനിതാ ഭായി പുരസ്‌കാരം വാങ്ങാനെത്തിയത്.ശൗചാലയം ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്തൃ വീട്ടില്‍ നിന്ന് മടങ്ങിയ അനിതാ ഭായി തന്റെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ തിരിച്ചു വരില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് സഹായത്തോടെ അടിയന്തരമായി കക്കൂസ് നിര്‍മിച്ച ശിവ്‌റാം ഭാര്യയെ തിരികെയെത്തിച്ചു. 

No comments: