മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ മാതൃകയില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റിയും വരുന്നു. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇഷ്ടമുള്ള ബാങ്കിലേക്ക് അക്കൗണ്ട് മാറ്റുന്നതിനുള്ള സംവിധാനം നടപ്പിലാക്കാനാണ് ധനകാര്യ മന്ത്രാലയം ആലോചിക്കുന്നത്. ഇത് നടപ്പിലാക്കുന്നതിന് നിലവില്‍ ചില സാങ്കേതിക
പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിലാണെന്നും ധനകാര്യ സേവന വിഭാഗം സെക്രട്ടറി ഡി.കെ.മിത്തല്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ കോഡ് ക്രമീകരിക്കാനും കോര്‍ ബാങ്കിങ് സേവനത്തിനായി കെ.വൈ.സി ചട്ടങ്ങളും പാലിച്ച് അക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് മൊബൈല്‍ നമ്പര്‍ മാറുന്നതിനും ഇന്‍ഷുറന്‍സ് പോളിസികളുടെ കാര്യത്തിലും പോര്‍ട്ടബിലിറ്റി സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
ഒക്ടോബറില്‍ സേവിങ്‌സ് ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നതിലെ നിയന്ത്രണം റിസര്‍വ് ബാങ്ക് എടുത്തു കളഞ്ഞിരുന്നു. ഇതോടെ, എസ്ബി നിക്ഷേപങ്ങളുടെ പലിശ ഓരോ ബാങ്കുകളിലും വ്യത്യസ്തമായി. മിക്ക ബാങ്കുകളും ഇപ്പോഴും നാല് ശതമാനം മാത്രം പലിശ നല്‍കുമ്പോള്‍ ചില സ്വകാര്യ ബാങ്കുകള്‍ ഏഴ് ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ഇതിന്റെ പ്രയോജനം ലഭിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാവും അക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി. ഇതുവഴി അക്കൗണ്ട് നമ്പര്‍ മാറാതെ തന്നെ ഉയര്‍ന്ന പലിശയും മികച്ച സേവനവും നല്‍കുന്ന ബാങ്കുകളിലേക്ക് മാറാന്‍ ഇടപാടുകാര്‍ക്ക് അവസരമുണ്ടാവും.
No comments:
Post a Comment