V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Sunday, 18 March 2012

കാര്‍ഷികമേഖലയില്‍ തളര്‍ച്ച; ടൂറിസം-വ്യവസായ മേഖലകളില്‍ മുന്നേറ്റം


 കേരളം 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 9.13 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ
സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 2009-10 വര്‍ഷത്തില്‍ 8.95 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്.


കാര്‍ഷിക മേഖലയില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞപ്പോള്‍ ടൂറിസം മേഖലയില്‍ മുന്നേറ്റം ഉണ്ടായി. വ്യവസായ മേഖലയിലും തൃപ്തികരമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കാര്‍ഷിക മേഖലയുടെ സംഭാവനയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2004-05ല്‍ 17.48 ശതമാനമായിരുന്നു സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കാര്‍ഷിക മേഖലയുടെ സംഭാവന. 2010-11ല്‍ അത് 10.59 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.



നെല്ലുല്പാദനത്തിലും ആനുപാതികമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2009-10ല്‍ 234000 ഹെക്ടറില്‍ നെല്‍കൃഷി ഉണ്ടായിരുന്നത് 2010-11ല്‍ 213000 ഹെക്ടറായി കുറഞ്ഞു. നെല്ലിന്റെ ഉല്പാദനം 2009-10ല്‍ 598000 മെട്രിക് ടണ്‍ ആയിരുന്നത് 2010-11ല്‍ 522000 മെട്രിക് ടണ്‍ ആയി കുറഞ്ഞുവെന്ന് സാമ്പത്തിക അവലോകനരേഖ വിലയിരുത്തുന്നു.



തൊഴിലില്ലായ്മ കേരളത്തിന്റെ അടിസ്ഥാനപ്രശ്‌നമായി ഇപ്പോഴും തുടരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 43.42 ലക്ഷമാണ്. ഇതില്‍ 25.68 ലക്ഷം പേര്‍ (59.1 ശതമാനം) സ്ത്രീകളാണ്.



കുറഞ്ഞ മൂലധന ചെലവില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചെറുകിട ഇടത്തരം വ്യവസായ മേഖല (എം.എസ്.എം.ഇ)യ്ക്കു കഴിഞ്ഞിട്ടുണ്ട്. 2010-11 വര്‍ഷത്തില്‍ 10882 യൂണിറ്റുകള്‍ വഴി 1453 കോടി രൂപയുടെ നിക്ഷേപം ഈ
മേഖലയിലുണ്ടായി. ഈ യൂണിറ്റുകള്‍ വഴി മൊത്തം 84878 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതി പ്രകാരം നടപ്പാക്കിയ 659 പദ്ധതികള്‍ വഴി വിവിധ ബാങ്കുകള്‍ 2010-11 വര്‍ഷത്തില്‍ 11.84 കോടി രൂപ മാര്‍ജിന്‍ മണിയായി വിതരണം ചെയ്തു.
ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരമേഖലയില്‍ 2009-10ല്‍ വളരെ പ്രകടമായിരുന്നു. എന്നാല്‍ 2010-11 വര്‍ഷത്തില്‍ ഈ സ്ഥിതിക്ക് വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. കേരളത്തിലെത്തിയ വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. 2010-11 വര്‍ഷത്തില്‍ വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.31 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായും അവലോകനരേഖ വിശദീകരിക്കുന്നു.



സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയിലും 2010-11 വര്‍ഷത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2006-07 വര്‍ഷത്തില്‍ 2638 കോടി രൂപയായിരുന്ന റവന്യൂ കമ്മി 2009-10 വര്‍ഷത്തില്‍ 5023 കോടി രൂപയായി ഉയര്‍ന്നിരുന്നു. 2010-11 വര്‍ഷത്തില്‍ ഇത് 3674 കോടി രൂപയായിട്ടാണ് കുറഞ്ഞിരിക്കുന്നത്.
റവന്യൂവരവില്‍ ഉണ്ടായ 18.7 ശതമാനം വളര്‍ച്ച ഈ മെച്ചപ്പെട്ട സ്ഥിതി നേടാന്‍ സമ്പദ്‌വ്യവസ്ഥയെ സഹായിച്ചിട്ടുണ്ട്. 2009-10 വര്‍ഷത്തില്‍ നല്‍കേണ്ടിയിരുന്ന പെന്‍ഷന്‍-ശമ്പളപരിഷ്‌കരണം വഴിയുള്ള അധികച്ചെലവുകള്‍ നിര്‍വഹിക്കുന്നത് 2011-12 വര്‍ഷത്തേക്കു മാറ്റിവെച്ചത് പദ്ധതിയേതര ചെലവുകള്‍ വര്‍ധിക്കുന്നതു തടഞ്ഞു. ഇതും റവന്യൂ കമ്മി കുറയുന്നതിന് കാരണമായി.2005-06ല്‍ ധനക്കമ്മിയുടെ 75 ശതമാനമായിരുന്നു റവന്യൂ കമ്മി. 2010-11ല്‍ ഇത് 47.52 ശതമാനമായി കുറഞ്ഞുവെന്ന് അവലോകനരേഖ പറയുന്നു.



2005-06 മുതല്‍ 2008-09 വരെയുള്ള വര്‍ഷങ്ങളില്‍ 16.10 ശതമാനമായിരുന്നു റവന്യൂ വരവിന്റെ ശരാശരി വളര്‍ച്ചാനിരക്ക്. പക്ഷേ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ 2009-10 വര്‍ഷത്തില്‍ 6.52 ശതമാനമായി ഇടിഞ്ഞു. എന്നാല്‍ ഈ നിലയില്‍ നിന്നുള്ള ഒരു ഉയിര്‍ത്തെഴുന്നേല്പ് 2010-11 വര്‍ഷത്തില്‍ സാധ്യമായിട്ടുണ്ട്. 18.7 ശതമാനമാണ് ഈ മേഖലയിലുണ്ടായ വളര്‍ച്ച. 

No comments: