V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Monday 5 March 2012

വഴിയോരത്തെടാപ്പുകള്‍ നിര്‍ത്തലാക്കുന്നു


 വഴിയോരത്തെ പൊതു കുടിവെള്ള ടാപ്പുകള്‍ ചരിത്രത്തിലേക്ക്. ഇവയില്‍ നിന്ന വെള്ളമെടുക്കുന്നവര്‍ക്ക് ഗാര്‍ഹിക കണക്ഷന്‍ നല്‍കി ഇവ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇതോടെ കേരളത്തിലെ സൗജന്യകുടിവെള്ള വിതരണം നിലയ്ക്കുകയാണ്. 
വഴിയോര കുടിവെള്ള ടാപ്പുകള്‍ നിര്‍ത്തലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തദ്ദേശഭരണ ഏകോപനസമിതിയാണ് നിര്‍ദേശം നല്‍കിയത്. 

തദ്ദേശ സ്ഥാപനങ്ങള്‍ ജലഅതോറിട്ടിക്ക് വന്‍തുക കുടിശ്ശിക വരുത്തിയ താണ് ഇപ്പോള്‍ ഈ തീരുമാനമെടുക്കാന്‍ കാരണം. എന്നാല്‍ ജലമേഖല യില്‍ ആഗോള ഏജന്‍സികളുടെ സഹായം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇവ നിര്‍ത്തലാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. 

ഇപ്പോള്‍ വഴിയോര ടാപ്പുകളില്‍ നിന്ന് കുടിവെള്ളമെടുക്കുന്ന വീട്ടുകാ ര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ചെലവില്‍ത്തന്നെ കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള പദ്ധതി വരുന്ന സാമ്പത്തിക വര്‍ഷം നടപ്പാക്കാനാണ് ഏകോപന സമിതിയുടെ നിര്‍ദേശം. ഇവര്‍ക്ക് വീട്ടുകണക്ഷന്‍ ലഭിക്കുന്നതോടെ പൊതുടാപ്പുകള്‍ നിര്‍ത്തലാക്കണം.

തദ്ദേശസ്ഥാപനങ്ങള്‍ ജല അതോറിട്ടിക്ക് 2011 വരെ 250 കോടി രൂപയാണ് കുടിശ്ശിക നല്‍കേണ്ടിയിരുന്നത്. ഇത് അഞ്ചുഗഡുക്കളായി അടയ്ക്കാന്‍ തീരുമാനിച്ചിരുന്നു. മൂന്ന്ഗഡുക്കള്‍ക്ക് പണം അനുവദിക്കുകയും ചെയ്തു. ഇതിനുപുറമെ വരുന്ന രണ്ടുവര്‍ഷത്തേക്കു കൂടി അമ്പതുകോടി വീതം കുടിശ്ശിക കണക്കാക്കിയിട്ടുണ്ട്. കുടിശ്ശിക അടയ്ക്കാന്‍ റോഡിതര മെയിന്‍റനന്‍സ് ഫണ്ടില്‍ ചെലവാകാത്ത തുക ഉപയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏകോപനസമിതി അനുമതി നല്‍കി. 

തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന പണം വൈദ്യുതി ബോര്‍ഡിന് നല്‍കാനാണ് അതോറിട്ടിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 786 കോടിരൂപയാണ് ബോര്‍ഡിന് അതോറിട്ടിയുടെ കുടിശ്ശിക. ഇതിന്റെ പേരില്‍ ജലഅതോറിട്ടിയുടെ ഓഫീസുകളിലേക്കുള്ള വൈദ്യുതി കണക്ഷന്‍, ബോര്‍ഡ് വിച്ഛേദിച്ചിരുന്നു. 

ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്. ഈ കേസിന്റെ വിചാരണവേളയില്‍ ജലവിതരണം സ്വകാര്യ വത്കരിക്കുന്നതിന് സര്‍ക്കാര്‍ നയമുണ്ടാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ബോര്‍ഡിനുള്ള അതോറിട്ടിയുടെ കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ കണ്ട ഒരുവഴി തദ്ദേശസ്ഥാപനങ്ങളുടെ കുടിശ്ശികയാണ്. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുകിട്ടുന്നതുള്‍പ്പടെ 196 കോടി രൂപ ഉടന്‍ ബോര്‍ഡിന് നല്‍കാനാണ് അതോറിട്ടിക്ക് സര്‍ക്കാരിന്റെ നിര്‍ദേശം. 

No comments: