വിരമിക്കല്‍ പ്രായം 56 വയസ്സാക്കിയതുമായി ബന്ധപ്പെട്ട് 13678 തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന എല്ലാ തസ്തികകളിലും പുതിയ ഉദ്യോഗാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക ബാധ്യതയുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
മാര്‍ച്ച് 31ന് 13678 പേര്‍ വിരമിക്കാനിരിക്കെയാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന തീരുമാനമെടുത്തത്. അതുകൊണ്ട് ഇത്രയും തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കും. വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചതുകൊണ്ട് ഒരാള്‍ക്കുപോലും തൊഴിലവസരം നഷ്ടപ്പെടരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇതിനോടകം തന്നെ 10686 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ബാക്കിയുള്ള 2992 തസ്തികള്‍ ഉടനെതന്നെ റിപ്പോര്‍ട്ട് ചെയ്യും.
സ്‌കൂള്‍ അധ്യാപകരുടെ കാര്യത്തില്‍ പ്രത്യേക പാക്കേജ് വ്യാഴാഴ്ച ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഇടതുപക്ഷ സംഘടനകള്‍ സമരം നടത്തുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 58 വയസ്സാക്കിയിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാര്‍ഥം മെഡിക്കല്‍ കോളേജുകളിലും ആര്‍.സി.സിയിലും പോകുന്നതിന് കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ സൗകര്യം ഒരുക്കും. ഹോമിയോ, ആയുര്‍വേദ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്‍റ് ജനവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ 17000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഐ.എം.ജി കാമ്പസില്‍ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ 10 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. നാഷണല്‍ ബില്‍ഡിങ് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് കെട്ടിടം നിര്‍മിക്കുന്നത്. വനംവകുപ്പില്‍ ഗാര്‍ഡായി നിയമനം കിട്ടിയെങ്കിലും അപകടത്തെത്തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റേണ്ടി വന്ന ഫെബിന്‍ രാജിന് എല്‍.ഡി.ക്ലാര്‍ക്കായി ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment