ഐ.സി.ടി. അക്കാദമി ഡയറക്ടറായും ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായും വി.എ. അരുണ്‍കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമാണെന്ന് നിയമസഭാ സമിതി കണ്ടെത്തി. ഐ.സി.ടി. അക്കാദമി ഡയറക്ടറായുള്ള നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും ഐ.എച്ച്.ആര്‍.ഡി.യില്‍ അഡീഷണല്‍ ഡയറക്ടറായുള്ളനിയമനം നിയമവിരുദ്ധമാണെന്നുമാണ് വി.ഡി. സതീശന്‍
അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന റിപ്പോര്‍ട്ടിന്റെ കണ്ടെത്തലിനോട് സമിതിയിലെ നാല്പ്രതിപക്ഷാംഗങ്ങള്‍ വിയോജിച്ചു. ഭരണപക്ഷത്ത് അഞ്ച്അംഗങ്ങളാണുള്ളത്. റിപ്പോര്‍ട്ടിന്റെ കരടിന് അംഗീകാരം നല്‍കിയ സമിതി ചൊവ്വാഴ്ച യോഗം ചേര്‍ന്ന് അന്തിമറിപ്പോര്‍ട്ടിന് രൂപം നല്‍കും.
നടപടിക്രമങ്ങള്‍ ലംഘിച്ചാണ് ഐ.സി.ടി. അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത്. ഐ.എച്ച്.ആര്‍.ഡി. ജോയിന്‍റ് ഡയറക്ടറായും അഡീഷണല്‍ ഡയറക്ടറായുമുള്ള അരുണിന്റെ നിയമനങ്ങള്‍ വേണ്ടത്ര യോഗ്യതയില്ലാതെ നേടിയതാണ്. അരുണ്‍കുമാറിന്റെ ക്രമവിരുദ്ധവും അനര്‍ഹവുമായ നിയമനങ്ങള്‍ക്ക് മുഖ്യമന്ത്രിയായിരുന്ന വി.എസ്സും വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയും കൂട്ടുനിന്നുവെന്ന് സമിതി കണ്ടെത്തി. ഐ.സി.ടി. അക്കാദമി ഡയറക്ടറെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നിരിക്കെ, ഐ.എച്ച്.ആര്‍.ഡി. ആ അധികാരം കവര്‍ന്നെടുക്കുകയായിരുന്നു. ഐ.എച്ച്. ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായുള്ളനിയമനം നിലനില്‍ക്കുന്നതുമല്ലെന്നും സമിതി വിലയിരുത്തി.
സമിതി മുമ്പാകെ എം.എ. ബേബി നല്‍കിയ മൊഴിയിലെ പ്രധാനഭാഗം സമിതിയംഗമായ പി.കെ. ഗുരുദാസന്‍ തള്ളിപ്പറഞ്ഞു. ഐ.സി.ടി. അക്കാദമി ഡയറക്ടറായുള്ള അരുണ്‍കുമാറിന്റെ നിയമനം സാങ്കേതികമാണെന്നും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ബേബി നേരത്തെ മൊഴിയെടുപ്പില്‍ പറഞ്ഞിരുന്നു. ബേബിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും തങ്ങള്‍ ഇതിനോട് യോജിക്കുന്നില്ലെന്നുമാണ് പി.കെ. ഗുരുദാസന്‍ സമിതിയില്‍ പറഞ്ഞത്.
എന്നാല്‍ സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നുള്ള സാമ്പത്തികയിടപാടിനെക്കുറിച്ചും അന്വേഷിച്ചെങ്കിലും അരുണിനെതിരെ തെളിവുകള്‍ ലഭിച്ചില്ല. സാമ്പത്തിക ക്രമക്കേട് അരുണിനെതിരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സമിതി വിലയിരുത്തി.
അഞ്ച് മണിക്കൂര്‍ നീണ്ട യോഗത്തിലാണ് റിപ്പോര്‍ട്ടിന്റെ കരടിന് രൂപം നല്‍കിയത്. ആറിന് ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. നിയമസഭാ സമിതിയില്‍ വിയോജനക്കുറിപ്പ് പാടില്ലെന്ന് മുന്‍ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്റെ റൂളിങ് നിലനില്‍ക്കുന്നതിനാല്‍ യോജിച്ച തീരുമാനമേ സമിതിക്ക് സമര്‍പ്പിക്കാനാകൂവെന്ന് കരുതുന്നു.
അരുണ്‍കുമാറിന്റെ നിയമനത്തിലെ ക്രമക്കേടുകള്‍ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍. എസ്. ശശികുമാറാണ് പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് പി.സി. വിഷ്ണുനാഥ് ഇവ അഴിമതിയാരോപണമായി നിയമസഭയില്‍ ഉന്നയിച്ചു. വി.എസ്സിന്റെ ആവശ്യപ്രകാരമാണ് ആരോപണത്തെക്കുറിച്ച് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചത്.
No comments:
Post a Comment