V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Monday, 5 March 2012

വെള്ളം, വൈദ്യുതി നിരക്കുകള്‍ കൂട്ടാന്‍ ശുപാര്‍ശ


 പുതിയ ജലനയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി ഇത് അയച്ചുകൊടുത്തിട്ടുണ്ട്. ജലവിതരണം, വില, വെള്ളത്തിന്റെ മിതമായ ഉപയോഗം,
സ്രോതസ്സുകളുടെ സംരക്ഷണം, എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് കരട്. നയത്തിന് അന്തിമരൂപം നല്‍കാന്‍ സംസ്ഥാന ജലവിഭവമന്ത്രിമാരുടെ യോഗം വിളിക്കും. 


കരടുനയം അതുപോലെ അംഗീകരിച്ച് നടപ്പാക്കിയാല്‍ കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കുകളില്‍ വര്‍ധനയുണ്ടാവും. ഇപ്പോഴത്തെ വൈദ്യുതിനിരക്ക് കുറവായതിനാല്‍ അത് വൈദ്യുതിയുടെ മാത്രമല്ല, വെള്ളത്തിന്റെകൂടി ദുരുപയോഗത്തിന് കാരണമാകുന്നുണ്ടെന്നും ആ സ്ഥിതി മാറ്റണമെന്നും കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 



'സേവനദാതാവി'ന്റെ ചുമതലയില്‍നിന്ന് സര്‍ക്കാര്‍ മാറുകയും സേവനങ്ങള്‍ക്ക് നിയന്ത്രണവും സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന പങ്കിലേക്ക് മാറുകയും വേണമെന്ന് കരട് ശുപാര്‍ശ ചെയ്യുന്നു. ജലവിതരണവും ബന്ധപ്പെട്ട സേവനങ്ങളും 'കമ്യൂണിറ്റി'ക്കോ സ്വകാര്യ മേഖലയ്‌ക്കോ, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള സംവിധാനത്തിനോ കൈമാറണമെന്നാണ് നിര്‍ദേശം. 



ജലവിഭവപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗം, പദ്ധതിയുടെ ഗുണഭോക്താക്കളില്‍നിന്ന് വെള്ളക്കരത്തിലൂടെ ഈടാക്കണമെന്നാണ് കരടിലെ മറ്റൊരു നിര്‍ദേശം. നദീതടം, അതിനു താഴെയുള്ള സ്ഥലങ്ങള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ നിരക്കുകള്‍ ഈടാക്കാം. വെള്ളം കൈകാര്യം ചെയ്യാനുള്ള ചെലവ്, ജലവിഭവ സ്രോതസ്സുകളുടെ നടത്തിപ്പ്പരിപാലനച്ചെലവ് എന്നിവ പൂര്‍ണമായി ഈടാക്കുന്ന തരത്തിലായിരിക്കണം വെള്ളക്കരം നിശ്ചയിക്കേണ്ടത്. ഉപയോഗിച്ച വെള്ളം, നിശ്ചിതനിലവാരത്തില്‍ സംസ്‌കരിച്ചശേഷം വീണ്ടും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം. 



നഗരങ്ങളിലെ കുടിവെള്ളവിതരണവും ഓട ശുചീകരണ പരിപാടിയും ബന്ധിപ്പിക്കണം. വെള്ളത്തിന് ഈടാക്കുന്ന നിരക്കില്‍ ഓട ശുചീകരണത്തിന് ചെലവഴിക്കേണ്ട തുകയും ഉള്‍പ്പെടുത്തണം. വെള്ളത്തിന് വസൂലാക്കുന്ന നിരക്കിന്റെ ഒരു വിഹിതം ഉപഭോക്താക്കളുടെ അസോസിയേഷന് നല്‍കണം. അവര്‍ക്ക് അനുവദിക്കുന്ന നിശ്ചിത അളവ് വെള്ളം കൈകാര്യം ചെയ്യാനും വിതരണ സംവിധാനം പരിപാലിക്കാനും ഈ പണം വിനിയോഗിക്കാം.



എല്ലാ സംസ്ഥാനങ്ങളിലും ജല നിയന്ത്രണ അതോറിറ്റികള്‍ സ്ഥാപിക്കണം. വെള്ളത്തിന്റെ വില നിശ്ചയിക്കല്‍, താരിഫ് സമ്പ്രദായം നിയന്ത്രിക്കല്‍, വെള്ളം പങ്കുവെക്കല്‍, മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയവ അതോറിറ്റിയുടെ ചുമതലയായിരിക്കും. അന്തസ്സംസ്ഥാന ജലത്തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ അത് പരിഹരിക്കുന്നതിനുള്ള സഹായവും അതോറിറ്റി നല്‍കണം.



ദേശീയതലത്തില്‍ ജലപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ഥിരംവേദിയും കരടില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായവും സഹകരണവും ഉണ്ടാക്കുകയാണ് ലക്ഷ്യം. ദേശീയതലത്തില്‍ സ്ഥിരമായ ജലതര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നാണ് കരടുനയത്തിലെ മറ്റൊരു നിര്‍ദേശം.

No comments: