ബാങ്കുകള്‍ ഭവന വായ്പകള്‍ക്ക് പലിശ നിരക്കുയര്‍ത്തിയതിനെ തുടര്‍ന്ന് പ്രതിമാസം നല്‍കേണ്ട തിരിച്ചടവ്(ഇ.എം.ഐ) കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഫ്ലോട്ടിങ് വ്യവസ്ഥയിലുള്ള വായ്പകളെടുത്തവര്‍ക്കാണ് ഇഎംഐയിലെ വര്‍ധന കൂടുതല്‍ തലവേദനയായിട്ടുള്ളത്. ഇടത്തരം കുടുംബങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ് പലിശയുടെ പോക്ക്. പരാതിപ്പെട്ടിട്ട് കാര്യമില്ല. അല്‍പം ശ്രദ്ധയോടുകൂടി പ്രതിമാസ ബജറ്റ് താളം തെറ്റാതെ നോക്കുകയാണ് വേണ്ടത്.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് തങ്ങള്‍ക്ക് പ്രാപ്യമായ നിലയില്‍ ഇം.എം.ഐ നിലനിര്‍ത്തുക എന്നതാണ് ഇതില്‍ ആദ്യത്തെ പടി. വായ്പ മുന്‍കൂര്‍ അടക്കുക വഴിയും അമിതഭാരം ഒഴിവാക്കാനാവും. അല്ലെങ്കില്‍ ബാങ്കുകളില്‍ ചെന്ന് മെച്ചപ്പെട്ട പലിശ നിരക്ക് ലഭ്യമാണോ എന്നന്വേഷിക്കാം. ഇതുമല്ലെങ്കില്‍ വായ്പാ കാലാവധി നീട്ടുക വഴിയും പ്രതിമാസ ബജറ്റ് താളം തെറ്റാതെ കൊണ്ടു പോകാന്‍ കഴിയും.
മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റാം
ഭവന വായ്പ റീ ഫിനാന്‍സ് ചെയ്യുകയാണ് മറ്റൊരു മാര്‍ഗം. ഇത്തരത്തില്‍ താരതമ്യേന കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേക്ക് വായ്പ മാറ്റാവുന്നതാണ്. സാധാരണ ഗതിയില്‍ വായ്പയെടുക്കുന്നവര്‍ക്ക് ബാങ്കുകളെക്കുറിച്ച് എപ്പോഴും പരാതി തന്നെയാണ്. പലിശ നിരക്കുയരുന്ന അവസരത്തില്‍ ഭവന വായ്പാകള്‍ക്ക് പലിശ നിരക്കുയര്‍ത്താന്‍ ബാങ്കുകള്‍ ധൃതി കാണിക്കുന്നുവെന്ന പരാതിയാണ് ഇവര്‍ പലപ്പോഴും ഉന്നയിക്കുന്നത്. 2008ന് മുന്‍പ് വായ്പയെടുത്തവര്‍ 12 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലേക്ക് പലിശ നിരക്കുയരുന്നതിന് സാക്ഷിയായിക്കഴിഞ്ഞു. ഇത്തരക്കാര്‍ക്ക് അമിത ഭാരമൊഴിവാക്കാന്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല വഴിയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍.
പുതിയ വായ്പകള്‍ ലഭിക്കാന്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു തരുമെന്നിരിക്കെ ഈ മാര്‍ഗം സ്വീകരിക്കുക വഴി ബുദ്ധിപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാം. ഏത് ബാങ്കിലേക്കാണ് വായ്പ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതെന്ന് ഇതിന് മുന്‍പ് നിശ്ചയിക്കണം. മിക്ക ബാങ്കുകളും വായ്പക്ക് ഈടാക്കുന്ന പലിശ നിരക്ക് അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബാലന്‍സ് ട്രാന്‍സഫറിലൂടെ പലിശയില്‍ ശരാശരി 1.75-2.00 ശതമാനം വരെ ഇളവ് നേടാന്‍ കഴിയുമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.
ഭവന വായ്പ പോലുള്ള ദീര്‍ഘകാല വായ്പകള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ചെറിയ ശതമാനം ഇളവ് പോലും വലിയൊരു തുക മിച്ചം വെക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ വായ്പ ട്രാന്‍സ്ഫര്‍ ചെയ്യുന്ന അവസരത്തില്‍ വായ്പാ കാലാവധിയാണ് നിര്‍ണായകമാവുക എന്നര്‍ത്ഥം. കാലവധി തീരാന്‍ ഒരു പാടു കാലം ബാക്കിയുണ്ടെങ്കില്‍ മാത്രമേ ഈ മാര്‍ഗം മികച്ച നേട്ടം നല്‍കൂ. അതായത് 10 വര്‍ഷത്തിന് മുകളില്‍ കാലാവധിയുണ്ടെങ്കില്‍ ഈ രീതി വളരെ ഫലപ്രഥമാവും.
വായ്പ മാറ്റുമ്പോള്‍ നിലവിലെ ബാങ്കിന് നല്‍കേണ്ട റീപേയ്‌മെന്റ് ഫീസ് എത്രയാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക ബാങ്കുകളും അടച്ചു തീര്‍ക്കാന്‍ ബാക്കിയുള്ള തുകയുടെ 2 ശതമാനമാണ് ഈ ഇനത്തില്‍ ഈടാക്കാറുള്ളത്. അതായത് 48 ലക്ഷം രൂപയാണ് അടക്കാന്‍ ബാക്കിയുള്ള തുകയെങ്കില്‍ 96,140 രൂപയായിരിക്കും ഇതിന് നല്‍കേണ്ട റീപേയ്‌മെന്റ് ഫീസ്. ഇത് ഒറ്റതവണ ചിലവായി കണക്കാക്കിയാല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുണ്ടാവുന്ന നേട്ടം എളുപ്പം മനസ്സിലാക്കാവുന്നതാണ്. അതേസമയം, കാലാവധി തീരാന്‍ വെറും മൂന്നോ നാലോ വര്‍ഷങ്ങള്‍ മാത്രമേയുള്ളുവെങ്കില്‍ ഇൗ രീതി കാര്യമായി ഫലം ചെയ്‌തേക്കില്ല.
പിന്നീട് പരിഗണിക്കേണ്ട കാര്യം വായ്പ മാറ്റുന്ന സമയത്ത് പുതിയ ബാങ്ക് ഇൗടാക്കുന്ന പ്രോസസിങ് ഫീസാണ്. മിക്ക ബാങ്കുകളും വായ്പാ തുകയുടെ 0.5 ശതമാനമാണ് പ്രോസസിങ് ചാര്‍ജായി ഈടാക്കുക.
വായ്പ മറ്റ് ബാങ്കുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ എത്ര തുക മിച്ചം വെക്കാന്‍ സഹായിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ പലിശ ഇനത്തില്‍ ലഭിച്ചേക്കാവുന്ന ഇളവില്‍ നിന്ന് നിലവിലെ ബാങ്കിന് നല്‍കേണ്ട പ്രീ പേയ്‌മെന്റ് ഫീസും പുതിയ ബാങ്കിന് നല്‍കേണ്ട പ്രോസസിങ് ഫീസും കഴിഞ്ഞ് ലാഭം എത്രയായിരിക്കുമെന്ന് തിട്ടപ്പെടുത്തണം.
ഉദാഹരണത്തിന് 20 വര്‍ഷക്കാലയളവിലേക്ക് 50 ലക്ഷം രൂപയാണ് വായ്പയെടുത്തതെന്നിരിക്കുക. 48.07 ലക്ഷം രൂപയാണ് തിരിച്ചടക്കാനുള്ള തുകയെന്നും കരുതാം. ഇതിന് 13 ശതമാനം പലിശ നിരക്കില്‍ 36 തവണകളും മുടക്കാതെ അടച്ചെന്നും അനുമാനിക്കാം. ഇനി വായ്പ മാറ്റുന്നതിനായി പുതിയ ബാങ്ക് ഈടാക്കുന്ന പലിശ 10.5 ശതമാനമാണെന്നിരിക്കട്ടെ. രണ്ട് ശതമാനം പ്രീപെയ്മന്റ് പെനാല്‍റ്റിയും 0.5 ശതമാനം പ്രോസസിങ് ഫീസും കൂട്ടുമ്പോള്‍ 1,20,175 രുപ ചെലവ് വരും. പുതിയ ബാങ്കിലേക്ക് വായ്പ മാറ്റിയത് മൂലം ലഭിക്കുന്ന മൊത്തം ലാഭം 15,03,053 രൂപയാണ്. പ്രതിമാസ തിരിച്ചടവില്‍(ഇ.എം.ഐ) ലഭിക്കുന്ന ലാഭം 7,957 രൂപയുമാണ്.
വായ്പ ട്രാന്‍സ്ഫര്‍ ചെയ്യാന്‍
ഇനി ഇത്തരത്തില്‍ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് വായ്പ മാറാന്‍ എന്താണ് ചെയ്യേണ്ടതെന്നു നോക്കാം. ഇതിനുള്ള നടപടികള്‍ വളരെ ലളിതമാണ്. ഉപഭോക്താവിന്റെ ക്രെഡിറ്റ് റേറ്റിങും തിരിച്ചടക്കാനുള്ള പ്രാപ്തിയുമായിരിക്കും വായ്പ നല്‍കാനുള്ള മാനദണ്ഡമായി പുതിയ ബാങ്ക് പരിഗണിക്കുക. പിന്നീട് വായ്പക്ക് കരുതലായി ബാങ്കില്‍ നല്‍കിയിട്ടുള്ള സ്ഥലത്തിന്റെ ആധാരവും മറ്റും പഴയ ബാങ്കില്‍ നിന്നും പുതിയ ബാങ്കിന് നല്‍കണം. ഇനി രേഖകളുടെ ശരിപ്പകര്‍പ്പ് പഴയ ബാങ്കില്‍ നിന്നും കിട്ടാന്‍ കാലതാമസം എടുക്കുന്ന അവസരത്തില്‍ അവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കാവുന്നതാണ്.
No comments:
Post a Comment