V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Friday 2 March 2012

ബെന്‍സിന്റെ പ്രൗഢി ഇനി ആകാശത്തും

പ്രൌഢിയുടെയും ആഡംബരത്തിന്റെയും പര്യായമായാണ് ജര്‍മ്മനിയിലെ ഡെയിംലര്‍ എ.ജി. നിര്‍മ്മിക്കുന്ന മെഴ്‌സിഡിസ്സ് ബെന്‍സ് വാഹനങ്ങളെ കണക്കാക്കപ്പെടുന്നത്. ഇതുവരെ ബെന്‍സിന്റെ ആധിപത്യം കരയില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ഇപ്പോഴിതാ ബെന്‍സിന്റെ സുഖസൗകര്യങ്ങളും സ്‌റ്റൈലും ആകാശത്തും ഇടംനേടിരികിക്കുന്നു. ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനക്കാരായ യൂറോകോപ്റ്ററും മെഴ്‌സിഡിസ്സ് ബെന്‍സും തമ്മിലുള്ള കൂട്ടായ്മയില്‍ പിറന്ന ഈ.സി.145 മെഴ്‌സിഡിസ്സ് സ്‌റ്റൈല്‍ ഹെലികോപ്റ്ററാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. 
മെഴ്‌സിഡിസ് ബെന്‍സ് ആണ് ഈ.സി. 145 ന്റെ ഇന്റീരിയര്‍ പൂര്‍ണ്ണമായും രൂപകല്‍പ്പന
ചെയ്തിരിക്കുന്നത്. 2011 മെയ് മാസത്തില്‍ ജനീവയില്‍ നടന്ന യൂറോപ്യന്‍ ബിസിനസ്സ് ഏവിയേഷന്‍ കണ്‍വെന്‍ഷനില്‍ ഇടത്തരം വലുപ്പമുള്ള ഈ ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു യൂറോപ്യന്‍ കമ്പനിക്കാണ് ഈ.സി. 145 ന്റെ ആദ്യ വില്പന നടത്തിയതെന്ന് യൂറോകോപ്റ്ററിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഒലിവര്‍ ലാംബര്‍ട്ട് പ്രദര്‍ശനവേളയില്‍ പറഞ്ഞു. മെഴ്‌സിഡിസ്സ് ബെന്‍സിന്റെ ആധുനിക ഡിസൈന്‍ സ്റ്റുഡിയോ ആയ ഇറ്റലിയിലെ ലെയ്ക്ക് കോമോയിലാണ് ഈ.സി.145 ന്റെ കാബിന്‍ തയ്യാറാക്കിയത്. ഡിസൈന്‍ സ്റ്റുഡിയോ തലവന്‍ പ്രൊഫസര്‍ ഗോര്‍ഡന്‍ വാഗണര്‍ ആണ് ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചത്.
റെയിലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മാറ്റി സ്ഥാപിക്കാവുന്ന സീറ്റുകള്‍ എട്ടുപേര്‍ക്ക് സുഖമായി ഇരിയ്ക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്‌ക്കോ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനോ കൂടുതല്‍ സ്ഥലം ആവശ്യമായിവരുമ്പോള്‍ ഇവ എടുത്തുമാറ്റാം. ലോഡ് ഏരിയയുടെ ചുമരുകളിലും തറയിലും ലഗ്ഗേജ് സൂക്ഷിക്കാന്‍ ആവശ്യാനുസരണം ആങ്കറിംഗ് സൗകര്യങ്ങളുണ്ട്. എസ്, ഇ ക്ലാസ്സ് കാറുകളിലുള്ള ഉയര്‍ന്നതരം വുഡ് വര്‍ക്കുകള്‍, പല നിറങ്ങളില്‍ ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഈ.സി.145 ലും സജ്ജമാക്കിയിട്ടുണ്ട്. ഒരു മെഴ്‌സിഡിസ്സ് ബെന്‍സ് രൂപകല്‍പ്പനയില്‍ പ്രതീക്ഷിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും പ്രൗഢിയും ഈ.സി.145 'മെഴ്‌സിഡിസ്സ് ബെന്‍സ് സ്‌റ്റൈല്‍' ഹെലികോപ്റ്ററിലും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പ്രൊഫ. വാഗണര്‍ പറയുന്നു. 
വരും വര്‍ഷങ്ങളില്‍ ഈ നിരയിലുള്ള കൂടുതല്‍ ഹെലിക്കോപ്റ്റര്‍ ഡിസൈനുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മെഴ്‌സിഡിസ്സ് ബെന്‍സ്. കമ്പനിയുടെ ഡിസൈന്‍ വിഭാഗമായ 'മെഴ്‌സിഡിസ്സ് ബെന്‍സ് സ്‌റ്റൈല്‍', വാഹനങ്ങള്‍ മാത്രമല്ല രൂപകല്‍പ്പന ചെയ്യുന്നത്. ഫര്‍ണിച്ചര്‍, ലൈഫ് സ്‌റ്റൈല്‍, ഇന്‍ഡസ്ട്രിയല്‍ മേഖലകളിലും അവര്‍ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. കരാര്‍ വ്യവസ്ഥയില്‍ ഒരു ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തശേഷം ആ ഡിസൈനിന്റെ പരിപൂര്‍ണ്ണാവകാശം നിര്‍മ്മാതാവിന് വില്‍ക്കുകയും അതിനാവശ്യമായ ലൈസന്‍സ് നല്‍കുകയുമാണ് ഈ മേഖലയില്‍ കമ്പനി ചെയ്യുന്നത്.

ഫ്രഞ്ച് ജര്‍മ്മന്‍ സ്പാനിഷ് ഉടമസ്ഥതയിലുള്ള യൂറോകോപ്റ്ററാകട്ടെ ലോകത്തെ ഏറ്റവും വലിയ സൈനിക കോണ്‍ട്രാക്ടിങ് കമ്പനികളിലൊന്നായ യൂറോപ്യന്‍ എയ്‌റോനോട്ടിക്‌സ് ഡിഫന്‍സ് ആന്റ് സ്‌പെയ്‌സ്് (ഇ.എ.ഡി.എസ്) കമ്പനിയുടെ ഒരു വിഭാഗമാണ്. ഇ.എ.ഡി.എസ്സിന്റെ മറ്റൊരു പ്രധാനപ്പെട്ട വിഭാഗമാണ് വാണിജ്യാവശ്യങ്ങള്‍ക്കുള്ള വിമാനങ്ങളുടെ ഏറ്റവും വലിയ നിര്‍മ്മാതാക്കളിലൊന്നായ എയര്‍ബസ്സ്. 17,500 പേര്‍ ജോലിചയ്യുന്ന യൂറോകോപ്റ്ററിന്റെ വാര്‍ഷിക വിറ്റുവരവ് 4.8 ബില്ല്യണ്‍ യൂറോ (8.58 മില്ല്യണ്‍ ഡോളര്‍) ആണ്.

ആകാശത്തെയും നിരത്തിലെയും അതികായന്മാരുടെ ഈ കൂട്ടായ്മ ഹെലികോപ്റ്റര്‍ നിര്‍മ്മാണ രംഗത്ത് ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍, ഇനി എസ് ക്ലാസ്സ് കാറോടിച്ച് മടുത്തുവെങ്കില് ബെന്‍സ് ആരാധകര്‍ വിഷമിക്കേണ്ട വാങ്ങാം ഒരു ഈ.സി.145.

No comments: