V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Saturday, 3 March 2012

എടിഎമ്മും സുരക്ഷിതമല്ല

കള്ളതാക്കാലുപയോഗിച്ച് കാറും ബൈക്കും എന്തിനേറെ വീടും ബാങ്ക് ലോക്കറുകളും വരെ തുറന്ന് കവര്‍ച്ച നടത്തുന്ന സംഘങ്ങളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍, വളരെ സുരക്ഷിതമെന്ന് നാം കരുതുന്ന
എടിഎം ബാങ്ക് അക്കൗണ്ടുകളും ഇത്തരത്തില്‍ വ്യാജകാര്‍ഡിട്ട് തുറന്നാലോ? ഇത്തരം അനേകം കേസുകളാണ് രാജ്യത്ത് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തട്ടിപ്പ് പലപ്പോഴും മറ്റു സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ നിന്നാകുമ്പോള്‍ അന്വേഷണവും വഴിമുട്ടുന്നു. സുരക്ഷിതമെന്ന് നാം കരുതുന്ന എടിഎമ്മുകളൊന്നും അത്രകണ്ട് സുരക്ഷിതമല്ലെന്ന് തന്നെയാണ് ഇത്തരത്തില്‍ 15,000ത്തിലധികം രൂപ നഷ്ടപ്പെട്ടവരുടെ അനുഭവം വ്യക്തമാക്കുന്നത്. പലപ്പോഴും മറ്റു ബാങ്കുകളുടെ എടിഎമ്മുകളാണ് ഇത്തരത്തിലുള്ള കവര്‍ച്ചക്കായി ഉപയോഗിക്കുന്നത് എന്നതിനാല്‍ അക്കൗണ്ട് ഉടമകളുടെ ബാങ്കുകള്‍ക്ക് തട്ടിപ്പ് നടത്തിയതെങ്ങനെയെന്ന് കണ്ടുപിടിക്കാനും വിഷമമാവുന്നു. 

ഉപയോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ള എ.ടി.എം സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്താവാം ഇത്തരം തട്ടിപ്പു നടത്തുന്നതെന്നതാണ് ബാങ്കുകളുടെ സംശയം. ഉപയോക്താവിന്റെ പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പറും എടിഎം കാര്‍ഡിലെ കാന്തിക സ്ട്രിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുമാണ് എ.ടി.എം ഉപയോക്താവിനെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. ഇത് ചോര്‍ത്താനായാല്‍ അക്കൗണ്ടുകള്‍ തകര്‍ക്കാന്‍ എളുപ്പമാണെന്ന് സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചു ലഭിക്കുകയെന്നത് അതീവ ദുഷ്‌ക്കരവുമാണ്. തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടാല്‍ തന്നെ അന്വേഷണം ദിവസങ്ങളോളം നീളുന്നതാണ് ഇതിനൊരു കാരണം. തട്ടിപ്പ് നടന്നതെങ്ങനെയെന്ന് ബാങ്കുകള്‍ക്ക് പോലും പറയാന്‍ സാധിക്കാത്തതിനാലാണ് ഈ കാലതാമസം. അവരവരുടെ അക്കൗണ്ടില്‍ ബാക്കിയുള്ള തുകയെത്രയെന്ന് കൃത്യമായി രേഖപ്പെടുത്തി വെക്കുക മാത്രമാണ് കവര്‍ച്ച നടക്കുന്നത് അറിയാനുള്ള പോംവഴി.

എന്തായാലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുന്ന അവസരത്തില്‍ പോലീസ് ജാഗരുകരായി രംഗത്തെത്തിയിട്ടുണ്ട്. എ.ടി.എം മെഷിനുകളിലെ കീപാഡ് മറയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണ് പോലീസ് മുന്നോട്ട് വെയ്ക്കുന്ന ഒരു മാര്‍ഗം. രണ്ട് മെഷിനുകളിലുള്ള കൗണ്ടറുകളില്‍ ഇവ കൃത്യമായി വേര്‍തിരിക്കുന്ന സംവിധാനമുണ്ടാക്കുകയും മറ്റൊരു മാര്‍ഗമാണ്. ഒരേ സമയം ഒരുപാടു പേര്‍ എ.ടി.എം കൗണ്ടറുകളില്‍ നില്‍ക്കുന്നത് തടയാന്‍ ഇതു സഹായിക്കും. കഴിയുന്നതും ഒരു ക്യാബിനില്‍ ഒരു എടിഎം മെഷിന്‍ മാത്രം സ്ഥാപിക്കുകയും ബാങ്കുകള്‍ക്ക് സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗമാണ്. 

കാവല്‍ക്കാരില്ലാത്ത എടിഎമ്മുകളും കര്‍ശനമായി നിരീക്ഷണവിധേയമാക്കേണ്ടതുണ്ട്. കാവല്‍ക്കാരില്ലാത്ത എടിഎമ്മുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ഏറെയാണ്. ഓരോ ഇടപാടിനും വ്യത്യസ്തമായ പിന്‍നമ്പര്‍ നല്‍കുകയെന്നതാണ് സാധ്യമായ മറ്റൊരു പ്രതിരോധ മാര്‍ഗം. ഉപയോക്താക്കള്‍ കാര്‍ഡ് ഇടുന്ന സ്ലോട്ടുകള്‍ കൃത്യമായി പരിശോധിക്കുകയും വേണം. എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നുകയാണെങ്കില്‍ അത് ബാങ്കിനെ അറിയിക്കാനും മറക്കരുത്. ഇടയ്ക്കിടയ്ക്ക് പിന്‍ നമ്പര്‍ മാറ്റാനും കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കണം.

No comments: