V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Friday 2 March 2012

കമ്പനിവത്കരണം ത്വരിതഗതിയില്‍, ജീവനക്കാര്‍ക്ക് ആശങ്ക


വൈദ്യുതി ബോര്‍ഡ് കമ്പനിവത്കരണ നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നത് ജീവനക്കാരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ബോര്‍ഡിന്റെ കൈമാറ്റ പദ്ധതിയും ജീവനക്കാരുടെ സംഘടനകളും ബോര്‍ഡും തമ്മിലുണ്ടാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ത്രികക്ഷികരാറും തമ്മില്‍ പ്രകടമായ വൈരുദ്ധ്യങ്ങളുള്ളതാണ് ആശങ്ക കൂടാന്‍ കാരണം. എന്നാല്‍, കമ്പനിവത്കരണ നടപടികള്‍ ഇത്രയേറെ പുരോഗമിച്ച സാഹചര്യത്തില്‍
ഇനിയൊരു തിരിച്ചുപോക്ക് സാദ്ധ്യമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ബോര്‍ഡിന്റെ ആസ്തികള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ ശേഷം കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയില്‍ പുനര്‍നിക്ഷേപിക്കുക എന്ന നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനായി നിശ്ചയിച്ചിട്ടുള്ള കാലാവധി ജൂണില്‍ അവസാനിക്കുകയാണ്. പല തവണ നീട്ടിവാങ്ങിയ കാലപരിധിക്ക് ഇനിയൊരു മാറ്റം സാദ്ധ്യമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 


കമ്പനിവത്കരണത്തിനുള്ള കൈമാറ്റപദ്ധതി 2008 സപ്തംബര്‍ 25നാണ് അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതു പ്രകാരം ഒട്ടേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന സ്ഥിതി വന്നു. ഇത് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് ജീവനക്കാരുമായി ചേര്‍ന്ന് ത്രികക്ഷി കരാറുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചത്. ഇതിന്റെ കരട് അന്നു വിതരണം ചെയ്തിരുന്നുവെങ്കിലും മേല്‍നടപടികളുണ്ടായില്ല. കേന്ദ്ര നിയമ പ്രകാരം കമ്പനിവത്കരണം പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദമേറിയപ്പോള്‍ കഴിഞ്ഞ നവംബറില്‍ ത്രികക്ഷി കരാര്‍ സംബന്ധിച്ച ചര്‍ച്ച ബോര്‍ഡ് പുനരുജ്ജീവിപ്പിച്ചു. ഡിസംബര്‍ 31നകം ഇതു സംബന്ധിച്ച തീരുമാനമുണ്ടാക്കണമെന്നായിരുന്ന ധാരണ. എന്നാല്‍, ഇതുവരെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളില്‍ നാലെണ്ണം മാത്രമാണ് ത്രികക്ഷി കരാര്‍ സംബന്ധിച്ച അഭിപ്രായം അറിയിച്ചിട്ടുള്ളത്. പ്രമുഖ സംഘടനകളെല്ലാം ഇക്കാര്യത്തില്‍ മൗനത്തിലാണ്. ഇതു സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പം തന്നെയാണ് മൗനത്തിനു കാരണം. 



ജീവനക്കാരെ പുതിയ കമ്പനിക്ക് കൈമാറുന്നതു സംബന്ധിച്ച് കൈമാറ്റ പദ്ധതിയും ത്രികക്ഷി കരാറും തമ്മില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങളുണ്ട്. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് തന്നെയാണ് ഇവ രണ്ടും തയ്യാറാക്കിയത്. വൈദ്യുതി നിയമം 2003ന് വിധേയമായിട്ടുള്ളത് കൈമാറ്റ പദ്ധതി മാത്രമായതിനാല്‍ അതിലെ വ്യവസ്ഥകള്‍ക്കു മാത്രമേ നിയമപരമായി സാധുതയുണ്ടാവുകയുള്ളൂ. ജീവനക്കാരെ പിരിച്ചുവിടില്ലെന്നാണ് ത്രികക്ഷി കരാറില്‍ പറയുന്നതെങ്കിലും നിലവിലുള്ള സ്ഥിരം തസ്തികകളില്‍ തുടരുന്നവര്‍ക്കു മാത്രമേ കമ്പനിയിലും അതേ തസ്തിക ഉണ്ടാവുകയുള്ളൂ എന്ന് കൈമാറ്റ പദ്ധതിയില്‍ പറയുന്നു. മോഡല്‍ സെക്ഷനുകളില്‍ തസ്തിക നഷ്ടമായ ജീവനക്കാരുടെ ഭാവി ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 



സേവന-വേതന വ്യവസ്ഥകള്‍ ജീവനക്കാരുടെ യൂണിയനുകളുമായി ചര്‍ച്ച ചെയ്യും എന്നാണ് ത്രികക്ഷി കരാറിലുള്ളത്. എന്നാല്‍, കൈമാറ്റ പദ്ധതിയനുസരിച്ച് ഇക്കാര്യത്തില്‍ കമ്പനിക്ക് തീരുമാനമെടുക്കാം. നിലവിലുള്ള ശമ്പളത്തിനും തുടര്‍പരിഷ്‌കരണത്തിനും കമ്പനിയായിക്കഴിഞ്ഞാലും ഒരു മാറ്റവും വരില്ലെന്ന് ത്രികക്ഷി കരാറില്‍ പറയുന്നു. കമ്പനിക്ക് കൈമാറുന്നതിനു തൊട്ടുമുമ്പുള്ള ശമ്പളം സംരക്ഷിക്കുമെന്നു മാത്രം പറയുന്ന കൈമാറ്റ പദ്ധതി തുടര്‍പരിഷ്‌കരണത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ത്രികക്ഷി കരാറില്‍ നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന് പ്രാമുഖ്യം നല്‍കുമ്പോള്‍ കൈമാറ്റ പദ്ധതിയില്‍ നിലവിലുള്ള പെന്‍ഷന്‍കാരുടെ പെന്‍ഷനാണ് പ്രാധാന്യം. 



അതേസമയം കമ്പനിയായിക്കഴിഞ്ഞാല്‍ ജീവനക്കാര്‍ക്കുണ്ടാവുന്ന പരാതികള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ത്രികക്ഷി കരാറില്‍ പറഞ്ഞിട്ടില്ല. എന്നാല്‍, 28000ല്‍പരം ജീവനക്കാരില്‍ നിന്നുണ്ടാവുന്ന പരാതികള്‍ പരിഹരിക്കാന്‍ രണ്ടു മാസ സമയപരിധി കൈമാറ്റ പദ്ധതിയില്‍ നിര്‍ദേശിക്കുന്നുണ്ട്. 

No comments: