രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ വീണ്ടും വന്‍ തൊഴിലവസരം. 2012ലെ ആദ്യ ആറാഴ്ച കൊണ്ട് ഒമ്പതു പൊതുമേഖലാ ബാങ്കുകളിലായി 10,255 തൊഴിലവസരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. മറ്റൊരു 10,000 തൊഴിലവസരം കൂടി വരും മാസങ്ങളിലുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
യൂണിയന്‍ ബാങ്കിലാണ് ഏറ്റവുമധികം ഒഴിവുള്ളത് - 2,473. ബാങ്ക് ഓഫ്
ഇന്ത്യയില്‍ 1,800ഉം സിന്‍ഡിക്കേറ്റ് ബാങ്കില്‍ 1,750ഉം അലഹബാദ് ബാങ്കില്‍ 1,600ഉം ഒഴിവുണ്ട്. കോര്‍പറേഷന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന മറ്റു ബാങ്കുകള്‍.
പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡി(സ്‌കെയില്‍-1)ലുള്ള ഈ ജോലിക്ക് തുടക്കത്തില്‍ തന്നെ ഏതാണ്ട് 25,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.
ബിരുദമാണ് യോഗ്യത. കൂടാതെ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയില്‍ നിര്‍ദ്ദിഷ്ട സ്‌കോറും നേടണം. പൊതുമേഖലാ ബാങ്കുകളിലേക്കുള്ള നിയമനത്തിനായുള്ള പൊതു പരീക്ഷ ഐബിപിഎസ് ആണ് നടത്തുന്നത്. ഓരോ ബാങ്കിന്റെയും വലിപ്പത്തിനനുസരിച്ച് നിര്‍ദ്ദിഷ്ട മാര്‍ക്ക് വ്യത്യാസപ്പെടാം. യൂണിയന്‍ ബാങ്കിലേക്കുള്ള നിയമനത്തിന് പൊതുപരീക്ഷയില്‍ ചുരുങ്ങിയത് 166 മാര്‍ക്ക് വേണം. എന്നാല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇത് 130 മതി.
21 വയസ്സ് മുതല്‍ 30 വയസ്സ് വരെയുള്ളവരെയാണ് പരിഗണിക്കുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ 20 വയസ്സുകാരെയും പരിഗണിക്കും.
No comments:
Post a Comment