മദ്യപിച്ചു ട്രെയിനില്‍ കയറുന്നവരെ അറസ്റ്റ് ചെയ്യുമെന്ന്‍ റയില്‍വേ സംരക്ഷണ സേന. റയില്‍വേ ആക്റ്റ് 145 പ്രകാരമാണ് നടപടി. ബാറില്‍ നിന്ന് രണ്ടു ലാര്‍ജ് അടിച്ച് ട്രെയിനില്‍ കയറിയാലും പിടിവീഴും. ബ്രെത്ത് അനലൈസറില്‍ ആല്‍ക്കഹോള്‍ സാന്നിധ്യം 30 % ല്‍ അധികമാണെന്ന് കണ്ടാല്‍ 6 മാസം തടവില്‍ ഇടുമെന്നാണ് റയില്‍വേ പോലീസിന്‍റെ മുന്നറിയിപ്പ്. പ്ലാറ്റ്ഫോമില്‍ പോലും മദ്യപിച്ചു കയറാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ട്രെയിനില്‍ ഇരുന്നു മദ്യപിക്കുന്നതിനു നേരത്തെതന്നെ
വിലക്കുണ്ടായിരുന്നു. ഇനി വേറെ എവിടെ നിന്നെങ്കിലും മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യാനും പാടില്ല. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടിക്കുന്ന മാതൃകയില്‍ ഇനി ട്രെയിനിലും പ്ലാറ്റ്ഫോമിലും ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തും. പരിശോധനയില്‍ യാത്രക്കാരന്‍ മദ്യപിചെന്നു തെളിഞ്ഞാല്‍ 6 മാസത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ മാവേലി, കണ്ണൂര്‍ എക്സ്പ്രെസ്സുകളില്‍ നിന്നായി 14 പേരെ ഇങ്ങനെ പിടികൂടിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെ ട്രെയിനിലെ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടവരില്‍ ഏറിയപങ്കും മദ്യപിച്ചിരുന്നതായാണ് തെളിഞ്ഞത് അതുകൊണ്ടാണ് മദ്യപര്‍ക്ക് എതിരെ ഈ കര്‍ശനനടപടി ഏര്‍പ്പെടുത്തുന്നത്.
No comments:
Post a Comment