V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Saturday, 25 February 2012

കെ.എം.എം.എല്ലില്‍ ചട്ടം ലംഘിച്ച് ഉന്നത നിയമനം


കൊല്ലം: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിലെ ഉന്നത തസ്തികയില്‍ ചട്ടം ലംഘിച്ച് നിയമനം. കമ്പനി നിയമപ്രകാരം ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലാത്തവര്‍ എക്‌സി ഡയറക്ടര്‍മാരാകാന്‍ പാടില്ലാത്തപ്പോഴാണ് കമ്പനിയില്‍ നിന്ന് വിരമിച്ചയാള്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി തുടരുന്നത്. കമ്പനിയുടെ
എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തസ്തികയില്‍ സി.ജെ.ജോര്‍ജ്ജിനാണ് 2012 ഏപ്രില്‍ 30 വരെ ഇപ്രകാരം സര്‍ക്കാര്‍ സര്‍വീസ് നീട്ടിനല്‍കിയിരിക്കുന്നത്. 


നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമല്ലാത്ത ഇദ്ദേഹത്തിന് എക്‌സിക്യുട്ടീവ് ഡയറക്ടറായി പുനര്‍നിയമനം നല്‍കിയത് കമ്പനി നിയമങ്ങളുടെ ലംഘനമാണെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കെ.എം.എം.എല്‍. കമ്പനിയുടെ ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍ നിബന്ധനപ്രകാരം ഡയറക്ടര്‍ ബോര്‍ഡ് അംഗമല്ലാത്തയാള്‍ക്ക് എക്‌സിക്യുട്ടീവ് ഡയറക്ടറാവാനാവില്ല. എന്നാല്‍ 2011 നവംബര്‍ 8 മുതല്‍ ഇദ്ദേഹം ഈ സ്ഥാനത്ത് തുടരുകയാണ്കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജനറല്‍ മാനേജരായിരുന്ന സി.ജെ.ജോര്‍ജ്ജിനെ ഡയറക്ടര്‍ ബോര്‍ഡിലെടുക്കുകയും എക്‌സി. ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു. പക്ഷേ യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 2011 ഒക്ടോബര്‍ 18ന് ഡയറക്ടര്‍ ബോര്‍ഡ് പുനസ്സംഘടിപ്പിച്ചപ്പോള്‍ ജോര്‍ജ്ജിനെയും മറ്റൊരാളെയും ഒഴിവാക്കിയിരുന്നു. 



2009 ഡിസംബര്‍ 31ന് സര്‍വീസില്‍നിന്ന് വിരമിക്കേണ്ടിയിരുന്ന ജോര്‍ജ്ജിന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കാലാവധി നീട്ടിനല്‍കിയിരുന്നു. 2011 ഏപ്രില്‍ 30ന് ജോര്‍ജ്ജിന്റെ കാലാവധി അവസാനിച്ചതായി സര്‍ക്കാര്‍ ഉത്തരവുണ്ടാകുകയും ചെയ്തു. എന്നാല്‍ സര്‍വീസില്‍നിന്ന് ഇദ്ദേഹത്തെ പിരിച്ചുവിട്ടില്ല. 2011 നവംബര്‍ 8ന് ഇറക്കിയ ഉത്തരവുപ്രകാരം കാലാവധി ഏപ്രില്‍ 30 വരെ നീട്ടുകയും ചെയ്തു.



കമ്പനി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആണ്. 2009 ആഗസ്തില്‍ ഇദ്ദേഹത്തെ നിയമിച്ചത് കമ്പനിയുടെ ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനിലെ 12-ാം വകുപ്പ് അനുസരിച്ചായതിനാല്‍ അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. എന്നാല്‍ യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടും എക്‌സിക്യുട്ടിവ് ഡയറക്ടറെന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും അദ്ദേഹം തന്നെ നിര്‍വഹിച്ചുവരികയാണ്. ഡയറക്ടര്‍ ബോര്‍ഡ് പുനസ്സംഘടിപ്പിച്ചശേഷം സാമ്പത്തിക ഇടപാടുകളടക്കമുള്ള കമ്പനിയുടെ ദൈനംദിന കാര്യങ്ങളില്‍ ബോര്‍ഡില്‍ ഇല്ലാത്തയാള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ചട്ടലംഘനത്തിനും ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്ന് കമ്പനികാര്യ നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.



ഇതിനിടെ കെ.എം.എം.എല്‍.മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പുതിയ നിയമനം നടത്തുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഈ സ്ഥാനത്തേക്ക് പലരും ശ്രമം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് വന്നവരില്‍ ആരോപണവിധേയരായ ചിലരും ഈ സ്ഥാനത്തെത്താന്‍ ചരടുവലിക്കുന്നുണ്ട്. നിലവില്‍ എം.ഡി.യായ ഐ.എ.എസ്.ഉദ്യോഗസ്ഥന് മറ്റ് ചുമതലകളേറെയുള്ളതിനാല്‍ അദ്ദേഹത്തിനെ മാറ്റി പൂര്‍ണസമയ എം.ഡി.യെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു.

No comments: