V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Thursday, 23 February 2012

പുതിയ പോലീസുകാരില്‍ രണ്ട് എം.ബി.എക്കാരും മൂന്ന് ബി.ടെക്കുകാരും

തിരുവനന്തപുരം: പുതിയതായി പരിശീലനം ലഭിച്ച് പുറത്തിറങ്ങിയ സ്‌പെഷ്യല്‍ ആംഡ് പോലീസില്‍ രണ്ട് എം.ബി.എക്കാരും മൂന്ന് ബി.ടെക്കുകാരും 188 ബിരുദധാരികളും. ഒന്‍പതുമാസത്തെ പരിശീലനം
കഴിഞ്ഞിറങ്ങിയ 373 പേര്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു. 188 ബിരുദധാരികളില്‍ 23 പേര്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്. മൂന്നുപേര്‍ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. രണ്ടുപേര്‍ പി.ജി.ഡി.സി.എ യും ഒരാള്‍ നിയമബിരുദവും നേടിയിട്ടുണ്ട്.


എസ്.എസ്.എല്‍.സി. മാത്രം വിജയിച്ചവരായി 13 പേരേയുള്ളൂ. ഐ.ടി.ഐ, ഐ.ടി.സി. കഴിഞ്ഞ 40 പേരും പ്ലസ് ടു കഴിഞ്ഞ 60 പേരുമുണ്ട്. പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 35 പേരും ഡിപ്ലോമ നേടിയ 15 പേരും പുതിയ ബാച്ചിലുണ്ട്. പേരൂര്‍ക്കട എസ്.എ.പി. ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സല്യൂട്ട് സ്വീകരിച്ചു. സമാധാനം ഉറപ്പുവരുത്തുകയാണ് പോലീസിന്റെ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സേവനബാഹുല്യം കണക്കിലെടുത്ത് പോലീസിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി.

കാട്ടായിക്കോണം ചന്തവിള മണ്ണാറത്തൊടി വീട്ടില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ലൈലാ ബീവിയുടെയും മകന്‍ എ.നജീമിനാണ് മികച്ച ഇന്‍ഡോര്‍ പ്രകടനത്തിനുള്ള പുരസ്‌കാരം. മികച്ച ഔട്ട്‌ഡോര്‍ പ്രകടനത്തിനുള്ള അവാര്‍ഡ് തമ്പാനൂര്‍ വയല്‍നികത്തിയ പുത്തന്‍വീട്ടില്‍ ടി.രാജുവിന്റെയും എം.കെ.ഉഷയുടെയും മകന്‍ ആര്‍.രാജീവ് കുമാറിനാണ്.

മികച്ച ഷൂട്ടറായി പെരുമ്പഴുതൂര്‍ മാമ്പഴക്കര എസ്.വി. സദനത്തില്‍ എന്‍.വിക്രമന്‍ നായരുടെയും ജി.ശൈലജകുമാരിയുടെയും മകന്‍ അനീഷ് കുമാര്‍ (ആര്‍.ടി.പി.സി 1161)നെ തിരഞ്ഞെടുത്തു. പെരിങ്ങമ്മല അരുണ്‍ നിവാസില്‍ ഗോപിനാഥന്‍ നായരുടെയും വസന്തകുമാരിയുടെയും മകന്‍ അരുണാണ് (ആര്‍.ടി.പിസി. 1785) മികച്ച ഓള്‍റൗണ്ടര്‍. ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ് പങ്കെടുത്തു.

No comments: